കോളജുകൾക്ക് അവധിയെങ്കിൽ ഹോസ്റ്റലുകൾക്കും അവധി;അനധികൃത താമസത്തിന് കർശന നിയന്ത്രണങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളജുകൾക്കും സർവകലാശാലകൾക്കും അവധിയുള്ള കാലയളവിൽ ഹോസ്റ്റലുകളും പ്രവർത്തിക്കരുതെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശിച്ചു.

ഹോസ്റ്റലുകളിൽ അനധികൃത താമസക്കാരെ ഒരു കാരണവശാലും അനുവദിക്കരുതെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ അതിക്രമങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് നടപടി.

ഹോസ്റ്റൽ നടത്തിപ്പിനായി ഡ്രോയിങ് ആൻഡ് ഡിസ്ബർസിങ് അധികാരമുള്ള അധ്യാപകരെ വാർഡൻമാരായി പ്രിൻസിപ്പൽമാർ നിയമിക്കണം. അതത് കോളജിലെ വിദ്യാർഥികൾ മാത്രമാണ് ഹോസ്റ്റലിൽ താമസിക്കുന്നതെന്ന് വാർഡൻ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

പുറത്തുനിന്നുള്ളവരോ പഠനം പൂർത്തിയാക്കിയവരോ ഹോസ്റ്റലിൽ താമസിക്കുന്നതായി കണ്ടെത്തിയാൽ വാർഡൻ ഉടൻ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. നേരിട്ട് ഇടപെട്ട് ഇവരെ ഒഴിപ്പിക്കണം. ഇത് സാധ്യമാകാത്ത സാഹചര്യത്തിൽ പോലീസിനെ അറിയിക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

ഹോസ്റ്റൽ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസം തടയൽ തുടങ്ങിയ വിഷയങ്ങളിലും പുതിയ സർക്കുലറിൽ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Hot Topics

Related Articles