ദുരന്തകാലത്ത് ജീവൻ രക്ഷിക്കുകയാണ് പ്രഥമ പരിഗണന:ജില്ലാ കലക്ടർമാർക്ക് കർശന നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: ദുരന്തസാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കലിന് പ്രഥമ പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കർശന നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർമാർക്ക് പുതിയ സർക്കുലർ പുറത്തിറക്കി നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ നിയമം, 2005 പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കലക്ടർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ എല്ലാ തീരുമാനങ്ങളും സ്വീകരിക്കാനുള്ള വ്യക്തമായ അധികാരമുണ്ടെന്ന് സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു.
നിയമത്തിലെ വകുപ്പ് 34, വകുപ്പ് 50, വകുപ്പ് 73 എന്നിവ പ്രകാരമുള്ള അധികാരങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയാണ് സർക്കുലർ പുറത്തിറക്കിയത്. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കൽ, ഗതാഗത നിയന്ത്രണം, പൊതുസുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ ഭരണകൂടം ശക്തമായ നിയമപരമായ അധികാരത്തോടെ പ്രവർത്തിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കാലതാമസം ഒഴിവാക്കി വേഗത്തിലും ഫലപ്രദമായും ഇടപെടൽ ഉറപ്പാക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയതെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Hot Topics

Related Articles