പര്യത്തുകാവ് ഭൂമി തർക്കം രമ്യമായി പരിഹരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

പര്യത്തുകാവ് ഭൂമി തർക്കം രമ്യമായി പരിഹരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു.ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.

പര്യത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ച് സെന്റ് സ്ഥലവും അതിലേക്ക് ആവശ്യമുള്ള റോഡ് സൗകര്യവും ഏർപ്പെടുത്തും. ഇവർക്ക് ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ വീട് വെച്ച് നൽകുമെന്നും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിന് ഇവർക്ക് അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു.

​വീടുപണി തീരുന്നതുവരെ നിവാസികൾക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിനി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles