ഒരു യുഗത്തിന്റെ വിടവാങ്ങൽ….. ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ അൽ അസ്ഹരിയെ അനുസ്മരിച്ച് കല്ലട്ര മാഹിൻ എംഎൽഎ

ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ അൽ അസ്ഹരിയെ അനുസ്മരിച്ച് കല്ലട്ര മാഹിൻ എംഎൽഎ

ഒരു യുഗത്തിന്റെ വിടവാങ്ങൽ — ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ അൽ അസ്ഹരിയുടെ

ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ അൽ അസ്ഹരിയുടെ നിര്യാണ വാർത്ത അതിയായ വേദനയോടെയും ഞെട്ടലോടെയുമാണ് ഞാൻ കേട്ടത്. മരണം മനുഷ്യജീവിതത്തിന്റെ അനിവാര്യ സത്യമാണ് എന്നറിയാമെങ്കിലും ചില വേർപാടുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് വേദനയുടെ തീക്കനലുകൾ കോരിയിടുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. ത്വാഖ ഉസ്താദിന്റെ വിയോഗവും അത്തരം ഒരു വേദനയായി എന്റെ മനസ്സിൽ അവശേഷിക്കുന്നു.

ഉസ്താദിനെ മുമ്പേ പരിചയമുണ്ടായിരുന്നുവെങ്കിലും, ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം കൂടുതൽ ദൃഢമാകുന്നത് 2010-ൽ ചെമ്പിരിക്ക–മംഗലാപുരം സംയുക്ത ഖാസിയായിരുന്ന സി. എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് ശേഷമാണ്. “ഇനി ആരാകും നമ്മുടെ ഖാസി?” എന്ന ചർച്ച മഹല്ലുകളിലും പണ്ഡിതസദസ്സുകളിലും വ്യാപകമായപ്പോൾ, ത്വാഖ ഉസ്താദിന്റെ പേരാണ് ഏറ്റവും കൂടുതൽ ഉയർന്നുകേട്ടത്. തുടർന്ന് കിഴൂർ ജമാഅത്ത് സംയുക്ത ഖാസിയായി അദ്ദേഹം സ്ഥാനമേറ്റ ദിവസം മുതൽ ഈ വേർപാടിന്റെ നിമിഷം വരെ സ്നേഹത്തിന്റെയും ആദരവിന്റെയും ആത്മീയ ബന്ധത്തിന്റെയും മനോഹരമായ ഒരു യാത്രയാണ് ഞങ്ങൾ പങ്കുവെച്ചത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് അനുഗ്രഹം തേടുവാൻ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹം ഷാൾ അണിയിച്ച് എന്നെ ആദരിച്ച ആ നിമിഷങ്ങൾ, എനിക്ക് ലഭിച്ച ഏത് വിജയത്തേക്കാളും വലിയ അംഗീകാരവും അഭിമാനവുമായി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ വിവിധ വിഷയങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചിട്ടുണ്ട്. ഓരോ വിഷയത്തെയും അതീവ പക്വതയോടെയും ദീർഘവീക്ഷണത്തോടെയും പഠിച്ചശേഷം മാത്രമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. വ്യക്തിപരമായ താൽപര്യങ്ങളോ സമ്മർദ്ദങ്ങളോ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നില്ല. ശരീഅത്തിന്റെ അടിസ്ഥാനങ്ങളും സത്യനിഷ്ഠയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. തന്റെ പരിധിക്കപ്പുറമുള്ള വിഷയങ്ങളിൽ പോലും മുതിർന്ന ആലിമുമാരുമായി കൂടിയാലോചിച്ച് മാത്രമേ മുന്നോട്ടുപോകാവൂ എന്ന ഉപദേശമാണ് അദ്ദേഹം നൽകാറുണ്ടായിരുന്നത്.

വിവാദങ്ങളിൽ നിന്ന് പരമാവധി അകന്ന്, സമസ്തയുടെ അച്ചടക്കമുള്ള ഒരു പ്രവർത്തകനായും മാതൃകാപരമായ ഒരു പണ്ഡിതനായും ജീവിച്ച മഹാനായിരുന്നു ത്വാഖ ഉസ്താദ്. വിനയവും വിജ്ഞാനവും ഒരുപോലെ സംഗമിച്ചിരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം അനേകം മനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഇന്ന് പണ്ഡിതന്മാരുടെ വേർപാടുകൾ സമൂഹത്തിന് ദീനി വിജ്ഞാനരംഗത്ത് വലിയ ശൂന്യതകളാണ് സൃഷ്ടിക്കുന്നത്. അത്തരമൊരു കാലഘട്ടത്തിൽ ത്വാഖ ഉസ്താദിന്റെ വിയോഗം സുന്നി സമൂഹത്തിനും കേരള മുസ്ലിം സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം നൽകിയ ആശ്വാസവും മാർഗനിർദേശവും സ്നേഹവും ഇനി ഓർമ്മകളിൽ മാത്രമായി മാറുകയാണ്.

ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ശിഷ്യന്മാർക്കും സഹപ്രവർത്തകർക്കും അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങൾക്കും അദ്ദേഹത്തെ സ്നേഹിച്ച മുഴുവൻ ജനങ്ങൾക്കും അല്ലാഹു ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെ.

അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശമാനമാക്കുകയും സ്വർഗീയ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ.

ഏറെ ദുഃഖത്തോടെ,

കലട്ര മാഹിൻ ഹാജി

Hot Topics

Related Articles