സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ഒക്ടോബർ 15 മുതൽ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി. സജിത്ത് ബാബു ജില്ലാ കളക്ടർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഒക്ടോബർ 15 മുതൽ 31 വരെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് അപേക്ഷാ ഫോമുകളുടെ വിതരണവും ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കും. അധികമായി ആവശ്യപ്പെട്ടിരുന്ന ഡിക്ലറേഷൻ ഫോം ഒഴിവാക്കിയതിനാൽ അർഹരായവർക്ക് ഫോം 6 സിറ്റിസൺ സർവീസ് പോർട്ടൽ വഴിയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ സമർപ്പിക്കാം.

അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോയും വയസ്സും മേൽവിലാസവും തെളിയിക്കുന്ന അംഗീകൃത 12 രേഖകളിൽ ഏതെങ്കിലും ഒന്നും സമർപ്പിക്കണം. ആധാർ രേഖയായി നൽകുന്നവർ മറ്റൊരു അനുബന്ധ രേഖയും ഹാജരാക്കണം.

ലഭിക്കുന്ന അപേക്ഷകളുടെ തുടർപരിശോധന ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകളിലെത്തി നേരിട്ട് നടത്തും.

വിദ്യാർത്ഥികൾക്കായി ‘കാമ്പസ് ടു ബൂത്ത്’

പുതുതായി വോട്ടവകാശം ലഭിക്കുന്ന വിദ്യാർത്ഥികളിൽ തിരഞ്ഞെടുപ്പ് അവബോധം വർധിപ്പിക്കുന്നതിനായി ഹയർ സെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും ‘കാമ്പസ് ടു ബൂത്ത്’ എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

‘Step Forward, Get Counted’ എന്ന സന്ദേശവുമായി നവംബർ 2 മുതൽ ഒരാഴ്ച നീളുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെ പരമാവധി വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കാളികളാക്കും.

Hot Topics

Related Articles