കാസർകോട്: കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി സ്കൂൾതല ഇൻഡിപെൻഡൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിംഗ് കാസർകോട് എ.എസ്.പി. അച്യുത് അശോക് ഐ.പി.എസ്. നിർവഹിച്ചു.
ബ്ലോക്ക് പരിധിയിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റ് 2026 ഓഗസ്റ്റ് 8ന് രാവിലെ 9 മണി മുതൽ ചെർക്കള നൂൺ അറീനയിൽ നടക്കും. കാസർകോട് ബ്ലോക്ക് പരിധിയിലെ 16 ഓളം പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
വിജയികൾക്ക് നൽകുന്ന ക്രിസ്റ്റലിൽ മനോഹരമായി നിർമ്മിച്ച ട്രോഫിയാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. അബ്ദുള്ള കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. കേരള സ്കൂൾ ഗേൾസ് ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റൻ മിറാന ഇഖ്ബാൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ഉഷ അർജുൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മറിയ മാഹിൻ, എം.എസ്. മൊയ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ സാദത്ത്, സി.വി. ജെയിംസ്, കാദർ മാന്യ, സഫീന, ശാഹിദ എന്നിവർ സംബന്ധിച്ചു. സാംസ്കാരിക-പൊതു പ്രവർത്തന രംഗങ്ങളിലെ പ്രമുഖരും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ബി.ഡി.ഒ. റംസീന പി.കെ. നന്ദി രേഖപ്പെടുത്തി.


