കാസർകോട്:കാസർകോട് മണ്ഡലത്തിന്റെ ദീർഘകാല വികസന ആവശ്യങ്ങളും ജനങ്ങൾ നേരിടുന്ന അടിയന്തര പ്രശ്നങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി കല്ലട്ര മാഹിൻ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയെ നേരിൽകണ്ട് നടത്തിയ ചർച്ചയിൽ കാസർകോടിന്റെ സമഗ്ര വികസനത്തിന് സർക്കാരിന്റെ എല്ലാ പിന്തുണയും മുൻഗണനയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി എം.എൽ.എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് പ്രധാന വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് കല്ലട്ര മാഹിൻ പറഞ്ഞു.എൻഡോസൾഫാൻ ദുരന്തബാധിതർക്കുള്ള അർഹമായ എല്ലാ ആനുകൂല്യങ്ങളും ധനസഹായങ്ങളും അതിവേഗം പുനഃസ്ഥാപിച്ച് വിതരണം ചെയ്യുക, യാത്രാദുരിതം രൂക്ഷമായ ചെർക്കള–കല്ലടുക്ക റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുക, കാസർകോട് മെഡിക്കൽ കോളേജിലെ നിലവിലെ പ്രതിസന്ധികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഉടൻ പരിഹാരം കണ്ടെത്തുക എന്നിവയാണ് അടിയന്തര പരിഗണനയ്ക്കെടുത്ത വിഷയങ്ങൾ.
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെയും ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെയും സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെയും നിർമ്മാണ കമ്പനി പ്രതിനിധികളുടെയും യോഗം അടിയന്തരമായി വിളിച്ചുചേരാൻ തീരുമാനമായതായും എം.എൽ.എ അറിയിച്ചു.
കാസർകോടിന്റെ വികസനത്തിനും ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുമായി നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നും, നാടിന്റെ സർവ്വതോമുഖമായ പുരോഗതിക്കായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും കല്ലട്ര മാഹിൻ എം.എൽ.എ അഭ്യർഥിച്ചു.


