മലപ്പുറം:കാലങ്ങളായി കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക്മുഖ്യമന്ത്രി വെള്ളവും വളവും ഒഴിച്ചു കൊടുക്കുന്നതായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും ഇത് തന്നെയാണുണ്ടായത്. ബിജെപിക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കാൻ കഴിയുന്ന ഒന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചില പൊലീസ് ഉദ്യോഗസ്ഥരും മലപ്പുറം കേന്ദ്രീകരിച്ച് ഇത്തരം കുൽസിത പ്രവർത്തനം നടത്തുന്നു. മുഖ്യമന്ത്രി പറയുന്നത് ബിജെപി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘ദ ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു.താൻ ഏതെങ്കിലും ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.