മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു:വി.ഇ.അബ്ദുൾ ഗഫൂർ


തിരുവനന്തപുരം: മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ഏകോപിതമായ തിരച്ചിൽ–രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായി ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അറിയിച്ചു.
കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ, ഡോണിയർ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മറൈൻ പോലീസിന്റെ ബോട്ടുകൾ, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവ വിന്യസിച്ച് കടലിലും തീരപ്രദേശങ്ങളിലുമായി വ്യാപകമായ തിരച്ചിൽ നടത്തിയതായി മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ നാല് മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ പ്രീമോൻ, ഷിജിൻ, അടിമലത്തുറ സ്വദേശി ആന്റണി ബെഞ്ചമിൻ, പൂത്തുറവിള സ്വദേശി ജോണി മത്തിയാസ് എന്നിവരെയാണ് കാണാതായത്. പിന്നീട് പ്രീമോന്റെയും ആന്റണി ബെഞ്ചമിന്റെയും മൃതദേഹങ്ങൾ വിവിധ തീരപ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഷിജിനെയും ജോണി മത്തിയാസിനെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച് സ്കൂബാ ഡൈവിംഗ് സംഘങ്ങളെ വിന്യസിച്ചതായും മന്ത്രി അറിയിച്ചു. പ്രതികൂല കാലാവസ്ഥയും പൊഴിമുഖത്തിലെ ജലത്തിന്റെ തെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയായെങ്കിലും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കുളച്ചൽ, ഇനയം, തേങ്ങാപ്പട്ടണം മേഖലകൾ ഉൾപ്പെടുത്തി നിരീക്ഷണം വ്യാപിപ്പിച്ചു.
കൊല്ലം ജില്ലയിലെ നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. രാജീവൻ മരിച്ചതായി സ്ഥിരീകരിച്ചപ്പോൾ രാധാകൃഷ്ണന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള തിരച്ചിൽ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ തുടരുകയാണ്. ഡ്രോൺ സെർച്ച്, സ്പീഡ് ബോട്ടുകൾ, ലൈഫ് ഗാർഡുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്.
ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായും വിഴിഞ്ഞത്തും അവലോകന യോഗങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കടൽ, തീരം, പൊഴിമുഖം, വ്യോമമാർഗം എന്നിവ ഉൾപ്പെടുത്തി ലഭ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും വിനിയോഗിച്ചാണ് തിരച്ചിൽ തുടരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കാണാതായവരുടെ കുടുംബങ്ങളുമായി വകുപ്പ് നിരന്തരം ബന്ധം പുലർത്തുകയും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles