മേൽപറമ്പ്:ജീവിതത്തിൽ നമ്മൾ ഒരിക്കലും ഓർക്കാതിരിക്കാൻ ശ്രമിക്കുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. കാരണം, ആ ഓർമ്മകൾ ഓരോ തവണയും മനസ്സിൽ തുറന്നുകിടക്കുന്ന ഒരു വേദനയുടെ മുറിവായിരിക്കും നമുക്ക് നൽകുക, എനിക്കും അങ്ങിനെയൊരു മുറിവായി, ഒരിക്കലും മാഞ്ഞുപോകാത്ത ഒരു നഷ്ടമായി ഇന്നും നിലകൊള്ളുന്നത് — അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ് പോയ വള്ളിയോട് മീശക്കാരൻ മൊയ്തുട്ടിച്ചാന്റെ മകൻ മുഹമ്മദ് ശാഫിയുടെ വിയോഗമാണ്.
സ്വന്തം ജീവിതവും കുടുംബത്തിന്റെ ഭാവിയും കെട്ടിപ്പടുക്കാനായി 1980 കളിൽ യുഎഇയിലേക്കെത്തിയ ശാഫി, ദുബായിലെ പ്രശസ്തമായ അലി ഹാജി അബ്ദുല്ല അവാസി ഖർഖാസ് എന്ന പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് തന്നെ അദ്ദേഹം തന്റെ കുടുംബത്തിൽ പലരെയും എന്ന പോലെ തനിക്കറിയാവുന്ന പലരെയും , തന്റെ സ്ഥാപനത്തിലും, തന്റെ അറിവിലുള്ള സ്ഥാപനങ്ങളിലും ജോലി വാങ്ങി കൊടുക്കുകയും സ്വയം പര്യാപ്തമായ ജീവിത സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തിരുന്നു, കമ്പനിയിലൊ , സഹകമ്പനിയിലൊ ഒരു ജോലി ഒഴിവുണ്ടെന്നറിഞാൽ ആ സ്ഥാനത്തേക്ക് ആരെയെങ്കിലും തിരുകി കയറ്റിയാൽ മാത്രമെ ശാഫിക്ക് സാമാധാനം വരുകയുള്ളു.
യു എ ഇൽ വെച്ച് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഷാർജയിലെ ഖാദ്സിയയിൽ, കുന്നരിയത്ത് മാഹിൻ ഹാജിയുടെ മുറിയിലാണ്. മേൽപറമ്പ മുസ്ലിം ജമാഅത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നിർധനരെ സഹായിക്കുന്ന പദ്ധതികളെക്കുറിച്ചും പറഞ്ഞപ്പോൾ അദ്ദേഹം കാണിച്ച ആ താൽപര്യം എനിക്ക് ഇന്നും മനസ്സിൽ പതിഞ്ഞുകിടക്കുന്നു.
അന്നത്തെ കാലത്ത് ദുബായിലും ഷാർജയിലും മേൽ പറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റികൾ ഉണ്ടായിരുന്നെങ്കിലും അത്ര സജീവമായിരുന്നില്ല. എന്ന് മാത്രമല്ല, ഇന്നത്തെ പോലെ വലിയ ശമ്പളവും, സ്വന്തം തൊഴിൽ സ്ഥാപനങ്ങളൊ, ഉണ്ടായിരുന്ന കാലുവുമല്ല,ഞാൻ സാധു സംരക്ഷണത്തിനാണ് കൂടുതൽ പ്രാമുഖ്യം നൽകി പ്രവർത്തിച്ചിരുന്നത്. മാസം തോറും ഒരു പ്രാവശ്യം സാധു സംരക്ഷണ പിരിവിനായി വരുമ്പോൾ, ഞാൻ ശാഫിയോട് മുൻകൂട്ടി പറയുമായിരുന്നു. ജുമാ നമസ്കാരം കഴിഞ്ഞാൽ, തന്റെ വാഹനവുമായിട്ട്, രാത്രി പതിനൊന്നു മണിവരെ ആളുകളെ തേടി നടക്കും. പള്ളിയുടെ കാര്യത്തിലും, പാവങ്ങളുടെ കാര്യത്തിലും ശാഫി കാണിച്ചിരുന്ന അത്രയധികം താൽപര്യം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തുമായിരുന്നു. വർത്തമാന കാലത്ത് വലിയ ഹോട്ടലുകളിൽ ഒത്തുകൂടി അതിന്റെ റീൽസ് ഇട്ട് പ്രവർത്തനം പരസ്യപ്പെടുത്തുന്ന നവ മാധ്യമ സാധ്യതയില്ലാത്ത കാലം കൂടി എന്നോർക്കുമ്പോഴാണ് അക്കാലയിളവിലെ പ്രവർത്തനങ്ങളിലെ ശാഫിയെ പോലുളള്ളവരുടെ സഹായ മനസ്ഥിതി മഹത്തായി അനുഭപ്പെടുന്നത്.
രാത്രിയിലെ പിരിവ് എല്ലാം കഴിഞ്ഞ്, അവസാനം ദേരാ പ്ലാസ സിനിമയ്ക്കു മുന്നിലെ ടാക്സി സ്റ്റാൻഡിൽ എന്നെ ഇറക്കി തരും എന്നാൽ, അവിടെ അവസാനിച്ചിരുന്നില്ല ശാഫിയുടെ സഹകരണം. തന്റെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചൊരു പങ്ക് കൂടി അദ്ദേഹം നിർബന്ധമായും നൽകും. “എന്റെ വാഹനവും, എന്റെ പരിശ്രമവും കൊണ്ട് മാത്രം മതിയാകില്ല, ഒരു ചെറിയ സംഭാവന കൂടി വേണം” എന്ന നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് അത്ര വിശാലമായ മനസ്സ് എത്ര പേരിലാണ് കാണാൻ കഴിയുക?
ശാഫിയുടെ ജീവിത ദർശനം വളരെ ലളിതമായിരുന്നു — ഒരിക്കലും ഒരാളെയും കുറ്റപ്പെടുത്താതെ, കഴിയുന്നതെല്ലാം ചെയ്യുക. അദ്ദേഹത്തിന്റെ മൗനത്തിലെ മഹത്വം ഓർക്കുമ്പോൾ ഇന്നും ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ടേയിരിക്കുന്നു.
എന്നാൽ, നല്ല മനസ്സുള്ളവർക്ക് ആയുസ്സ് ചുരുക്കമാണെന്ന യാഥാർത്ഥ്യം ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട്, 1995 ഫെബ്രുവരി 6-ന്, പരിശുദ്ധ റമളാനിന്റെ 6-ാം നാൾ, 33-ാം വയസ്സിൽ, മഗ്റിബ് നമസ്കാരത്തിന് ശേഷം, ഹൃദയാഘാതം മൂലം ശാഫി നമ്മെ വിട്ടുപോയി. മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ആശ്രയമായ മകൻ, ഭാര്യയുടെ ജീവിതസഹായിയെയും, ഏക മകളായ പിഞ്ചുകുഞ്ഞിന്റെ പിതാവിനെയും നഷ്ടപ്പെടുത്തിയ ആ ദിനം, ഒരു വീട്ടുകാരുടെ മാത്രം ദുഃഖമല്ലായിരുന്നു. അത്, നിർധനർക്കും പാവങ്ങൾക്കും വേണ്ടി ജീവിച്ച ഒരു മഹാമനസ്സിന്റെ വേർപാടായിരുന്നു. മേൽപറമ്പ ജമാഅത്ത്ന് മാത്രമല്ല പരിസര പ്രദേശങ്ങളിലെ നിർധനർക്കുമായിരുന്നു ആ മരണത്തിലൂടെ ഒരു കൈ സഹായം നഷ്ടമായത്.
മതപരമായ കാര്യത്തിലും ശാഫി കർക്കശക്കാരനായിരുന്നു ശാഫി മരിക്കുന്നതിന് മുൻപ് തൻ്റെ അയൽപക്കത്തുള്ള മുഹമ്മദ് കുഞ്ഞി എന്നയാൾ ദുബായിൽ വെച്ച് മരണപ്പെട്ടിരുന്നു അദ്ദേഹത്തിൻ്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരാൻ നിയമക്കുരുക്കിൽ പെട്ട് 15 ദിവസത്തോളം എടുത്ത സാഹചര്യം ശാഫിക്ക് ഇത് ഏറെ വേദന ഉണ്ടാക്കി അത് കാരണം ശാഫി മരണപ്പെട്ടപ്പോൾ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ശാഫിയുടെ മയ്യിത്ത് ഷാർജയിൽ തന്നെ മറവ് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ട് ബന്ധുക്കളും സ്നേഹിതന്മാരും പിതാവ് മൊയ്തുട്ടിച്ചയെ നിരന്തരം ബന്ധപ്പെട്ട് കൊണ്ടേയിരുന്നു അവസാന നിമിഷമാണ് ഏറെ ദുഃഖത്തോടെ തന്റെ മകന്റെ മുഖം അവസാനമായി ഒരു നോട്ടം നോക്കാൻ പോലും കഴിയില്ലന്ന വേദനയോടെ ഷാർജയിൽ തന്നെ മറവ് ചെയ്യാൻ സമ്മതം നൽകിയത് .
ശാഫി ഒരിക്കലും പേരിനെയും പ്രശസ്തിനെയും ആഗ്രഹിച്ചിരുന്നില്ല. തന്റെ ജീവിതത്തിന്റെ ലക്ഷ്യം, കഴിയുന്നതെല്ലാം നൽകി മറ്റൊരാളെ ആശ്വസിപ്പിക്കുകയെന്നായിരുന്നു.
ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ മായാതെ നിലകൊള്ളുന്നു — ഒരു തേങ്ങലായും, ഒരിക്കലും മറക്കാനാവാത്ത നഷ്ടമായും.
അല്ലാഹുവിന്റെ കാരുണ്യം അദ്ദേഹത്തിന്മേൽ പതിയട്ടെ. അല്ലാഹു സുബ്ഹാനഹു തആല, ശാഫിക്ക് സ്വർഗ്ഗീയമായൊരു പാരത്രിക ജീവിതം സമ്മാനിക്കുമാറാകട്ടെ.
✍🏻 സൈഫുദ്ദീൻ കെ. മാക്കോട്


