മേൽപറമ്പ്:ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ചന്ദ്രഗിരി കോട്ടയും ചെമ്പിരിക്ക ബീച്ചും കാസർഗോഡ് ജില്ലാ കളക്ടർ അർജുൻ പാന്ധ്യൻ (IAS) നേരിട്ട് സന്ദർശിച്ച് വികസന സാധ്യതകൾ വിലയിരുത്തി. ചെമ്മനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ രണ്ട് കേന്ദ്രങ്ങളും ഭൗഗോളിക സവിശേഷതകളും ചരിത്രപരമായ പ്രാധാന്യവും കാരണം കൊണ്ട് തന്നെ ടൂറിസം മേഖലയിൽ വലിയ സാധ്യതകൾ ഉള്ള പ്രദേശങ്ങളാണ്
ചരിത്രപൈതൃക സ്മാരകമായ ചന്ദ്രഗിരി കോട്ട Archaeological Survey of Indiaയുടെ നിയന്ത്രണത്തിലുള്ളതിനാൽ ഇതുവരെ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പാക്കുന്നതിൽ നിരവധി നിയമപരമായ തടസ്സങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ വിഷയങ്ങൾ എത്തിക്കുകയും വികസനത്തിന് അനുമതി ലഭ്യമാക്കാനുള്ള നടപടികൾ ശക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനൊടുവിൽ District Tourism Promotion Council (DTPC)യുടെ നേതൃത്വത്തിൽ സമഗ്ര ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കളക്ടർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം സ്ഥല സന്ദർശനം നടത്തിയത്. വികസന പ്രവർത്തനങ്ങളുടെ രൂപരേഖ, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത, സന്ദർശകരുടെ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിലയിരുത്തലും ഈ സന്ദർശനത്തിനിടെ നടന്നു.
ചന്ദ്രഗിരി കോട്ടയിൽ ശുചീകരണം, പരിസര സൗന്ദര്യവൽക്കരണം, സുരക്ഷാ സംവിധാനങ്ങൾ, സന്ദർശക സൗകര്യങ്ങൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി.
കോട്ടയുടെ പൈതൃക മൂല്യം നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാര സൗഹൃദ സംവിധാനങ്ങൾ ഒരുക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ചെമ്പിരിക്ക ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ശുചിമുറികൾ, വിശ്രമ കേന്ദ്രങ്ങൾ, മാലിന്യ നിയന്ത്രണ സംവിധാനം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കുന്നതിനാണ് പ്രധാന പരിഗണന നൽകുന്നത്. കുടുംബസഞ്ചാരികൾക്കും വിദേശ വിനോദസഞ്ചാരികൾക്കും അനുയോജ്യമായ രീതിയിൽ ബീച്ചിനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ചന്ദ്രഗിരി കോട്ടയിൽ എത്തുന്ന സഞ്ചാരികൾക്കായി ലഗു ഭക്ഷണവും,കുടിവെള്ളവും ഒരുക്കുന്നുത്തിനായി കുടുംബശ്രീയുമായി ചേർന്ന് ചെറിയ രീതിയിലുള്ള സംരഭം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ ഉറപ്പു നൽകി
ഈ പദ്ധതികൾ നടപ്പിലാകുന്നതോടെ കാസർഗോഡ് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് തന്നെയാണ് പഞ്ചയത്ത് ഭരണ സമിതിയുടെ പ്രതീക്ഷ. പ്രദേശത്തെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് പ്രചോദനമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ,വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, DTPC ഉദ്യോഗസ്ഥർ,നിർത്മിതി ഉദ്യഗസ്ഥർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസണൽ ശംസുദ്ധീൻ തെക്കിൽ,വാർഡ് മെമ്പർമാരായ സെയ്ത്തൂൻ അഹ്‌മദ്,CDS ചെയർപേഴ്സൺ ബാർഗവി തുടങ്ങിയവർ സംബന്ധിച്ചു.


