ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം. അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദേശം. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി.
ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിൽ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുലക്ഷത്തിലേറെ പേരാണ് ഞായറാഴ്ച പതിനെട്ടാം പടി കയറിയത്. ഈ സീസണിൽ ഒരുദിവസം പതിനെട്ടാംപടി കയറിയവരുടെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.