Friday, November 1, 2024
spot_img

ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് രാവിലെ എത്തിക്കാൻ ശ്രമം,അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ആരംഭിച്ചേക്കും

കർണാടകയിലെ ഷിറൂരിരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടങ്ങാൻ കഴിഞ്ഞേക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടി വരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരങ്ങൾ

അതിന് ശേഷം ആകും പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തുടർനടപടി നിശ്ചയിക്കുക. ഇതിനിടെ ഡ്രഡ്ജർ ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയിൽ പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. രാത്രി ആയതിനാൽ പാലത്തിന്‍റെ വശങ്ങൾ അടക്കം കൃത്യമായി കാണുന്നതിന് തടസം ഉണ്ടായിരുന്നു.

ഇതോടെ അപകടം ഒഴിവാക്കാൻ രാത്രി കൊണ്ട് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം ഡ്രഡ്ജിംഗ് കമ്പനിക്ക് നിർദേശം നൽകുകയായിരുന്നു. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് വളരെ കുറവാണ്. ഇന്നലെ നാവികസേന നടത്തിയ പരിശോധനയിൽ പുഴയുടെ ഒഴുക്ക് ഒരു നോട്ട് മാത്രമാണ്. ഡൈവർമാർക്ക് ഇറങ്ങി മുങ്ങാൻ കഴിയുന്ന ഒഴുക്കാണ് ഇത്

നാവികസേന നടത്തിയ സോണാർ സിഗ്നലുകൾ വിലയിരുത്തി ഇന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറും. സിപി 4 എന്ന് നാവികസേന മാർക്ക് ചെയ്ത പുഴയുടെ മധ്യഭാഗത്ത് തുരുത്തിന് സമീപം ആകും ആദ്യം തെരയുക. അവിടത്തെ നദിയുടെ അടിത്തട്ടിന്റെ സ്ഥിതി ആണ് സോണാർ പ്രധാനമായും വെച്ച് പരിശോധിച്ചത്. പുഴയുടെ അടിത്തട്ടിൽ വലിയ തടസം ഉണ്ടാവാം എന്നാണ് വിലയിരുത്തൽ. നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് പുഴയുടെ അടിത്തട്ടിൽ മാറ്റങ്ങൾ ഉണ്ടാവാം. ഇടക്കാലത്ത് ശക്തമായ മഴ ഗംഗാവലിയുടെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്തിരുന്നതിനാൽ മരങ്ങളും മണ്ണും അടക്കം ഒഴുകി വന്നിരിക്കുമെന്നും വിലയിരുത്തലുണ്ട്. ഈ ഭാഗത്തെ തെരച്ചിലിന് ഇങ്ങനെ വന്നടിഞ്ഞ തടസം നീക്കുന്നതാകും ആദ്യപ്രവൃത്തി

Hot Topics

Related Articles