മോദി സര്‍ക്കാരിന്റെ വര്‍ഗീയ- ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരായി ദേശീയതലത്തില്‍ രൂപപ്പെടുന്ന ഐക്യം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ടികള്‍ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവില്‍ യോഗം ചേരും.
ജൂലൈ 13, 14 തീയതികളില്‍ യോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ബീഹാറിലെയും കര്‍ണാടകയിലെയും നിയമസഭാ സമ്മേളനം മുൻനിര്‍ത്തി 17, 18 തീയതികളിലേക്ക് മാറ്റുകയായിരുന്നു.
പട്നയില്‍ ജൂണ്‍ 23 ന് ചേര്‍ന്ന പ്രതിപക്ഷ പാര്‍ടികളുടെ ആദ്യ യോഗം ബിജെപിയ്ക്കെതിരെ ദേശീയതലത്തില്‍ യോജിച്ചുനീങ്ങാൻ ഏകകണ്ഠമായി തീരുമാനമെടുത്ത് പിരിയുകയായിരുന്നു. 15 പാര്‍ടികളുടെ പ്രതിനിധികള്‍ ആദ്യ യോഗത്തിനെത്തിയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു ആദ്യ യോഗത്തിന്റെ സംഘാടകൻ. രണ്ടാമത്തെ യോഗം വിളിച്ചുചേര്‍ക്കാൻ കോണ്‍ഗ്രസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജൂലൈ രണ്ടാം വാരം ഷിംലയില്‍ യോഗം ചേരാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് ബംഗ്ലുരുവിലേക്ക് മാറ്റുകയായിരുന്നു.
ജൂലൈ 17, 18 തീയതികളിലാണ് യോഗമെന്ന് കോണ്‍ഗ്രസിന്റെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അറിയിച്ചത്. ബീഹാറില്‍ ജൂലൈ 10 മുതല്‍ 14 വരെ നിയമസഭ സമ്മേളിക്കുന്നുണ്ട്. തിങ്കളാഴ്ച ആരംഭിച്ച കര്‍ണാടക നിയമസഭാ സമ്മേളനം ജൂലൈ 14 വരെ തുടരും. നിയമസഭ സമ്മേളിക്കുന്നതിനാല്‍ തനിക്കും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ജൂലൈ 14 വരെ അസൗകര്യമുണ്ടെന്ന് നിതീഷ് കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സമ്മേളന ദിവസത്തില്‍ മാറ്റം വരുത്തിയത്.
വിവിധ സംസ്ഥാനങ്ങളില്‍ ഐക്യം എങ്ങനെ സാധ്യമാകും എന്നതാകും ബംഗ്ലുരു യോഗത്തില്‍ ചര്‍ച്ചയാവുക.
ഒപ്പം ദേശീയതലത്തില്‍ ബിജെപിയ്ക്കെതിരായി സംയുക്തമായി സംഘടിപ്പിക്കേണ്ട പ്രക്ഷോഭപരിപാടികളെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ തീരുമാനമെടുക്കും. കൂടുതല്‍ പാര്‍ടികളുടെ പ്രതിനിധികള്‍ അടുത്ത യോഗത്തിന് എത്തുമെന്ന് നിതീഷ് കുമാര്‍ പട്ന യോഗത്തിന് ശേഷം അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഓര്‍ഡിനൻസ് വിഷയത്തില്‍ കോണ്‍ഗ്രസ് പിടിവാശി തുടരുന്നതിനാല്‍ എഎപി ബംഗ്ലുരു യോഗത്തിന് എത്തുമോയെന്നത് അനിശ്ചിതത്വത്തിലാണ്.