കാസർകോട്:മതിയായ ചികിത്സാ സൗകര്യമില്ലാത്ത കാസർകോട് ജില്ലയിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ എയിംസ്, ജിപ്മെർ, ഇഎസ് ഐ മെഡിക്കൽ കോളജ് പോലുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും എൻഡോസൾഫാൻ ദുരിത ബാധിതരായ രോഗികൾക്ക് ആശ്വാസമാകുന്ന തരത്തിൽ ചികിത്സയും റിസർച്ചും നടത്താൻ ഉതകുന്ന മെഡിക്കൽ സംവിധാനങ്ങൾ ജില്ലയിൽ എത്തിക്കാൻ നേതൃത്വം നൽകണമെന്നും മുൻ കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ രാജിവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. എയിംസ് കാസർകോട് ലഭ്യമാക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈ കോടതിയിൽ കൂട്ടായ്മ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിൽ നിന്നും അനുഭാവപൂർണമായ സമീപനം ഉണ്ടാക്കി തരേണമെന്നും കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എം.എൽ അശ്വിനിയുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കൂട്ടായ്മയുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.