Saturday, February 7, 2026
spot_img

എംബിമൂസ പുരസ്കാരം വികെഹംസ അബ്ബാസിന്

കാഞ്ഞങ്ങാട്:ദീർഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ജീവകാരുണ്യ പ്രവർത്തകനും, വിദ്യാഭ്യാസ – മത – സാംസ്കാരിക മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും സജീവ സാന്നിധ്യവുമായിരുന്ന ചന്ദ്രിക ഡയറക്ടറും മുസ്ലിം ലീഗ് നേതാവുമായ എം ബി മൂസ ഹാജിയുടെ ഓർമ്മക്കായി എം ബി മൂസ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും ഗൾഫ് മാധ്യമം ചീഫ് എഡിറ്ററുമായ വി കെ ഹംസ അബ്ബാസിന് സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ഒരു ലക്ഷം രൂപയും ഫലകവും പ്രശംസ പത്രവുമാണ് പുരസ്കാരം

1992 ജനുവരി അഞ്ചിന് വിടപറഞ്ഞ എം ബി മൂസയുടെ ഒളിമങ്ങാത്ത ഓർമ്മകൾ മുപ്പത്തിമൂന്ന് വർഷം പിന്നിടുമ്പോഴും നാടിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

വാദി ഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കൗസർ ട്രസ്റ്റ് കണ്ണൂർ, ദാറുൽ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ – മത സ്ഥാപനങ്ങളുടെ തലപ്പത്തുള്ള ഹംസ അബ്ബാസ് മാധ്യമം ദിനപത്രം 87 ജൂൺ ഒന്നിന് കോഴിക്കോട് ആരംഭിച്ചത് മുതൽ അതിന്റെ ചെയർമാനും മുഖ്യപത്രാധിപരും ആയിരുന്നു. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ എട്ട് എഡിഷനുകൾ ഉള്ള ഗൾഫ് മാധ്യമം ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരികയാണ്

പ്രവാസി പ്രമുഖരും നാട്ടിലെയും ഗൾഫ് രാജ്യങ്ങളിലെയും ഉന്നത വ്യക്തിത്വങ്ങളും ഉൾകൊള്ളുന്ന ചടങ്ങ് ഫെബ്രുവരി അവസാനം യൂ എ ഇ യിൽ സംഘടിപ്പിച്ച് പുരസ്‌കാര സമർപ്പണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഫൗണ്ടേഷൻ ചെയർമാൻ അഷ്റഫ് എംബിഎം ജനറൽ സെക്രട്ടറി ടി മുഹമ്മദ് അസ്ലം സെക്രട്ടറി എം ഇബ്രാഹിം എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു

Hot Topics

Related Articles