Thursday, November 28, 2024
spot_img

ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; റവന്യൂ മന്ത്രി

ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി മാറാനിരിക്കുന്ന 26 കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 4,58,250 ഹെക്ടര്‍ ഭൂമി ഇതിനോടകം ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി. നാല് വര്‍ഷം കൊണ്ട് കേരളത്തെ പൂര്‍ണ്ണമായും അളക്കുന്നതിന്റെ ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ റീസർവ്വേ നടത്തുന്നത്. രജിസ്‌ട്രേഷന്‍, സര്‍വ്വേ, റവന്യൂ വകുപ്പുകളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ സമന്വയത്തോടെ രാജ്യത്ത് ആദ്യമായി കേരളം ഇന്റഗ്രേറ്റഡ് പോര്‍ട്ടലുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. 

ഇതിനോടകം കേരളത്തില്‍ 520 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖ മുദ്രാവാക്യവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.   മൂന്നര വര്‍ഷത്തിനകം കേരളത്തിലെ 1,80887 പേര്‍ക്ക് പട്ടയം നല്‍കിയ അഭിമാന തിളക്കത്തിലാണ് ഇന്ന് റവന്യൂ വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഭൂമിയില്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും പട്ടയം എന്നതാണ് സര്‍ക്കാറിന്റെ നയം. ഒരോ നിയമസഭാ മണ്ഡലങ്ങളിലെയും ജന പ്രതിനിധികള്‍ അധ്യക്ഷന്‍മാരും ജന പ്രതിനിധികള്‍ അംഗങ്ങളുമായി പട്ടയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പട്ടയ അസംബ്ലികള്‍ നിലവില്‍ വന്നു. പട്ടയ അസംബ്ലികളില്‍ ഉരിത്തിരിയുന്ന പ്രശ്‌നങ്ങള്‍ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും ഓരോ ആറ് മാസക്കാലത്തും ഡാഷ്‌ബോര്‍ഡ് അദാലത്ത് നടത്തി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

തെക്കേ തൃക്കരിപ്പൂര്‍ വില്ലേജിന്റെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് തറക്കല്ലിടല്‍ ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. സൗദ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. അനില്‍കുമാര്‍, എം.പി വിജീഷ്, രജീഷ് ബാബു, പി.വി അബ്ദുല്ലഹാജി, ടി.വി ഷിബിന്‍, രതീഷ് പുതിയപുരയില്‍, സി ബാലന്‍, ടി വി വിജയന്‍ മാസ്റ്റര്‍, സുരേഷ് പുതിയടത്ത്, വി വി വിജയന്‍, എ ജി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വാഗതവും ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ ടി.ജയപ്രസാദ് നന്ദിയും പറഞ്ഞു.

Hot Topics

Related Articles