കണ്ണൂർ:പാനൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന് പാർട്ടിയുമായി ബന്ധമില്ലെന്ന സിപിഐഎം നിലപാട് വെറുതെ
ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തി സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽകമ്മിറ്റി അംഗം എ അശോകൻ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ശവസംസ്കാരത്തിന് മുൻപായിരുന്നു നേതാക്കൾ വീട്ടിലെത്തിയത്. പാർട്ടിയുമായി പ്രതികൾക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഐഎം നിലപാട്. പാർട്ടി പ്രവർത്തകരെ അക്രമിച്ച കേസിൽ പ്രതിയാണ് ബോംബ് നിർമ്മിച്ചതെന്ന് സിപിഐഎം പറഞ്ഞിരുന്നു.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വം ഇറക്കിയ പ്രസ്താവനയിലായിരുന്നു പ്രതികളെ തള്ളിപ്പറഞ്ഞിരുന്നത്. സ്ഫോടനത്തിൽ പരിക്കുപറ്റിയ ബിനീഷ് സിപിഐ എം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസിൽ പ്രതിയാണ്. ആ ഘട്ടത്തിൽ തന്നെ ഇയാളെ പാർട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സിപിഐഎം പ്രവർത്തകർ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിച്ചിരുന്നു.