രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ഘട്ടം1- വോട്ടെടുപ്പ് ഏപ്രിൽ 19 ന്
- ഘട്ടം 2-വോട്ടെടുപ്പ് ഏപ്രിൽ 26 (കേരളം)
- ഘട്ടം 3-വോട്ടെടുപ്പ് മെയ് 7
- ഘട്ടം 4-വോട്ടെടുപ്പ് മേയ് 13
- ഘട്ടം 5-വോട്ടെടുപ്പ് മെയ് 20
- ഘട്ടം 6-വോട്ടെടുപ്പ് മെയ് 25
- ഘട്ടം 7-വോട്ടെടുപ്പ് ജൂൺ 1
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്
- ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
- സിക്കിം- ഏപ്രിൽ 19 ന്
- ഒറീസ- മെയ് 13 ന്
- അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്
ജൂൺ 4 ന് വോട്ടെണ്ണൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്. എല്ലാ വോട്ടര്‍മാരും തെരഞ്ഞെടുപ്പിൽ പങ്കാളികളാകണം.