കാസർകോട്:ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറിയ സര്‍ക്കാര്‍ ഉത്തരവിനെ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം സ്വാഗതം ചെയ്തു. ആശുപത്രിയുടെ വിപൂലീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും പിന്നീട് തീരുമാനിക്കും. ജില്ലയിലെ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയെ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധിപ്പിക്കുന്നത് സ്ഥാപനത്തിന്റെ പുരോഗതിക്ക് സഹായകരമായിരിക്കുമെന്നും ജില്ലാ പഞ്ചായത്ത് നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അനുബന്ധമായി മാറ്റി ഭരണ ചുമതലയും നിയന്ത്രണവും ജില്ലാ പഞ്ചായത്തിന് നല്‍കിയുള്ള ഉത്തവ് ലഭ്യമായി. ഇക്കാര്യം സമിതി ചര്‍ച്ച ചെയ്തു. ജില്ലാ ആശുപത്രിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് ഒരു ഡോക്ടര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരെ നിയമിക്കുന്നതിന് ഭരണ സമിതി അംഗീകാരം നല്‍കി
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന്‍ കബീര്‍, നാരായണ നായിക്, പി.ബി ഷെഫീക്ക്, അബ്ദുള്‍ റഹ്‌മാന്‍, ശൈലജ എം ഭട്ട്, ജമീല സിദ്ദിഖ് ദണ്ഡഗോളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, നിര്‍വഹണോദ്യഗസ്ഥര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.