Thursday, November 28, 2024
spot_img

കൊച്ചിയിലും നടക്കാം, കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? ഒരു ഭീഷണിയുമില്ല: ഗവര്‍ണര്‍

തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ സമരങ്ങളും ഹർത്താലും മൂലം ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.’ഒരു ഭീഷണിയുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് 72 വയസായി. ഞാന്‍ കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? എനിക്ക് ഒരു ഭീഷണിയുമില്ല.നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും ഞാന്‍ വരാം. ഭീഷണി എവിടെയാണ്?’, ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് എൽ.ഡി.എഫിന്റെ ഹർത്താൽ.

എസ്.എഫ്.ഐ. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ‘സംഘി ഖാന്‍, താങ്കള്‍ക്ക് ഇവിടേക്ക് സ്വാഗതമില്ല’ എന്ന് ഇംഗ്ലീഷില്‍ എഴുതിയ കറുത്ത ബാനര്‍ എസ്.എഫ്.ഐ. തൊടുപുഴയില്‍ ഉയര്‍ത്തിയിട്ടുണ്ട്.

Hot Topics

Related Articles