ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ്. താൻ ഈശ്വരഭക്തിയുള്ള ഹിന്ദുവാണെന്നും എന്നാൽ ബിജെപിക്കാരെപ്പോലെ അത് പറഞ്ഞുനടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷസ്ഥാനം രാജിവച്ചതിന് ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാജീവ്.പാർട്ടി തലപ്പത്ത് നിന്ന് രാജിവച്ച ശേഷം തന്റെ ലോക്സഭാ മണ്ഡലമായ മുങ്കാറിൽ നടന്ന നാല് പൊതുയോഗങ്ങളിലൊന്നിൽ സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ‘മതവും വിശ്വാസവും പ്രദർശന വസ്തുക്കളല്ല. ഞാനും ഒരു ഹിന്ദുവാണ്, എന്റെ വിശ്വാസം ആഴമുള്ളതാണ്, പക്ഷേ ബിജെപിക്കാരെ പോലെ ഞാനത് പറഞ്ഞുനടക്കാറില്ല’- രാജീവ് പറഞ്ഞു.ആരാധനാലയങ്ങൾ പ്രദർശന വേദിയല്ല. ആരാധനാലയങ്ങളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു. മാധ്യമങ്ങൾ പണം വാങ്ങി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിഹാർ സർക്കാരിന്റെ പതനത്തെയും ജെഡിയു പിളർപ്പിനെയും കുറിച്ചുള്ള പ്രവചനങ്ങൾ വാസ്തവവിരുദ്ധമാണെന്നും ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ശക്തമാണെന്നും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിൽ നിന്ന് ഒരുമിച്ച് പോരാടുമെന്നും രാജീവ് രഞ്ജൻ സിംഗ് കൂട്ടിച്ചേർത്തു.