Friday, November 1, 2024
spot_img

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സംസ്ഥാന കോൺഗ്രസിൽ അഭിപ്രായ ഭിന്നത

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായ ഭിന്നത. കോൺഗ്രസ്‌ പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് കെ മുരളീധരൻ എംപി. പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അവരാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും ശശി തരൂരും പ്രതികരിച്ചു.

രാമക്ഷേത്ര വിഷയത്തിൽ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് നേരിടുന്ന ആശയക്കുഴപ്പം കേരള ഘടകത്തെയും ബാധിച്ചമട്ടാണ്. വിഷയത്തിൽ കൃത്യമായ നിലപാട് പറയാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സിപിഐഎമ്മും ലീഗും അടക്കം നേരത്തെ തന്നെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വിഷയത്തിൽ വ്യക്തമായ അഭിപ്രായം തുറന്നു പറഞ്ഞിട്ടില്ല. ഇതിനിടെയാണ് സംസ്ഥാന ഘടകത്തിൽ അഭിപ്രായ ഭിന്നത പുകയുന്നത്.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് മുരളീധരൻ പ്രതികരിച്ചു. ഇക്കാര്യം ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മറുപടി നൽകി. കെപിസിസിയുടെ അഭിപ്രായം ചോദിച്ചാൽ നിലപാട് പറയുമെന്നും, നേതൃത്വം ഇതുവരെ അഭിപ്രായം ആരാഞ്ഞിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ മുരളീധരൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സമസ്ത അവരുടെ നിലപാടാണ് പറഞ്ഞതെന്നും അക്കാര്യം പറയാനുള്ള അവകാശം സമസ്തക്ക് ഉണ്ടെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത് വ്യക്തികളെയാണെന്നാണ് ശശി തരൂരിന്റെ അഭിപ്രായം. വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരു വ്യക്തിയെന്ന നിലയിൽ പങ്കെടുക്കാൻ അവകാശമുണ്ട്. സിപിഐഎമ്മിന് മതവിശ്വാസം ഇല്ല, അതുകൊണ്ട് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയും. കോൺഗ്രസ് വിശ്വാസികളുള്ള പാർട്ടിയാണെന്നും നിലപാടെടുക്കാൻ സമയം ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.

ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ അഭിപ്രായം. ഗാന്ധിജി രാമനെ തേടിയത് ക്ഷേത്രം മതിലുകൾക്കുള്ളിൽ അല്ല. ദരിദ്ര നാരായണന്മാർക്കിടയിലാണ് ഗാന്ധിജി രാമനെ തേടിയത്. ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്കൊപ്പം രാമൻ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് സതീശൻ്റെ പരാമർശം.

എന്തായാലും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത് വലിയ ആശയക്കുഴപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കം പടിവാതിൽ നിൽക്കേ വിഷയത്തിൽ നിലപാടെടുക്കാൻ ദേശീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഈ ആശയക്കുഴപ്പം തന്നെയാണ് സംസ്ഥാന ഘടകത്തിലും നിഴലിക്കുന്നത്. രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കേണ്ടതില്ലെന്നുതന്നെയാണ് കേരളഘടകത്തിൽ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

Hot Topics

Related Articles