ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ ഡൽഹി പൊലീസിൽ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിനകത്ത് രണ്ടു പേർ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. പാർലമെന്റിനകത്ത് ഫോറൻസിക് സംഘം പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.സന്ദർശക ഗാലറിയിൽ നിന്നാണ് രണ്ടു പേർ നടുത്തളത്തിലേക്ക് ചാടിയത്. എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാഗർ ശർമ എന്നയാളാണ് കളർ സ്പ്രേ ഉപയോഗിച്ചത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് കസ്റ്റഡിയിലായത്. രണ്ടു പേർ പുറത്താണ് പ്രതിഷേധം നടത്തിയത്. പാർലമെന്റിനകത്ത് അക്രമം നടത്തിയ സാഗർ ശർമ മൈസൂരിൽ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിംഹയുടെ പാസാണ് ഉപയോഗിച്ചത്.പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്‍റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്. ഡൽഹി പൊലീസിന്റെ എടിഎസ് സംഘം പാർലമെന്റിൽ എത്തി. ഷൂവിനുള്ളിലാണ് സ്‌മോക്ക് സ്‌പ്രേ ഒളിപ്പിച്ചിരുന്നത്.