Thursday, November 28, 2024
spot_img

ചർച്ചയാകുന്നത് പിണറായിയുടെ ജനവഞ്ചനയും ഫാസിസവും അൽപ്പത്തരവും: കെ.സുരേന്ദ്രൻ


സംസ്ഥാനത്തെ ജനജീവിതം ദുസഹമായിരിക്കുന്ന കാലത്ത് നടത്തിയ നവകേരള സദസ് കൊണ്ടുള്ള ഏക നേട്ടം നിയമവാഴ്ച തകർത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനവിരുദ്ധ നയങ്ങൾ മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തിയത്. എന്നാൽ ഇപ്പോൾ സർക്കാരിന്റെ ജനവഞ്ചനയും ഫാസിസവും അൽപ്പത്തരവും ചർച്ചയാവുന്ന സാഹചര്യമാണുള്ളത്. സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതിനോ സാമ്പത്തിക പ്രതിസന്ധിക്കോ മറുപടി പറയാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവകേരള സദസിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് പരാതികളിൽ ഏതെങ്കിലും ഒരെണ്ണം പരിഹരിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സിപിഐഎം പ്രവർത്തകർ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് പരാതി നൽകാൻ പോലും സാധിച്ചില്ലെന്നത് ജനങ്ങളിൽ നിന്നും ഈ സർക്കാർ എത്ര അകലത്തിലാണെന്ന് തെളിയിക്കുന്നു. ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ആക്രമിക്കുകയും പൊതുജനങ്ങളെ ഭയപ്പെടുത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തത്.

പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്കെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കുക കൂടി ചെയ്തതോടെ കേരളത്തിലെ ജനാധിപത്യത്തിന്റെ തകർച്ച പൂർണ്ണമായി. ഗവർണർ പോലും അക്രമിക്കപ്പെടുന്ന നാടായി പിണറായി കേരളത്തെ മാറ്റി. ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് അതിക്രമം നിയമവാഴ്ച തകർന്നതിന്റെ ഉദാഹരണമാണ്.

മുഖ്യമന്ത്രിക്ക് താൻ രാജാവാണെന്ന ചിന്തയാണുള്ളത്. അതുകൊണ്ടാണ് തനിക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ തല്ലിതകർക്കാൻ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളുടെ വാർത്ത പുറത്തറിയാതിരിക്കാനാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. എന്നാൽ പിണറായിയുടെ ഫാസിസിറ്റ് ഭരണത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കുക തന്നെ ചെയ്യും. കേരളത്തിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ദേശീയ ജനാധിപത്യ സഖ്യവും ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles