ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് പള്ളിയിലെ ക്രിസ്തുമസ് പ്രാര്‍ത്ഥനയില്‍ പങ്കാളിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സമൂഹത്തില്‍ സമാധാനവും മൈത്രിയും പുരോഗതിയുമുണ്ടാകാന്‍ നാമേവരും ക്രിസ്തു പഠിപ്പിച്ച പാഠങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളണമെന്ന് പ്രാര്‍ത്ഥനയ്ക്ക്‌ശേഷം നദ്ദ പറഞ്ഞു. യേശു ക്രിസ്തുവിന്റെ ജീവിതം തങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പള്ളിയില്‍ പ്രാര്‍ത്ഥിച്ച് ഞാന്‍ യേശുക്രിസ്തുവിന്റെ അനുഗ്രഹങ്ങള്‍ നേടി. മാനവരാശിയ്ക്കായി സ്വന്തം ജീവിതം ചെലവഴിച്ച യേശുക്രിസ്തുവാണ് നമ്മുക്കെല്ലാവര്‍ക്കും പ്രചോദനം’. നദ്ദ പറഞ്ഞു. എല്ലാവരും ഐക്യത്തോടെ ജീവിക്കണമെന്നതാണ് യേശു നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വലിയ ക്രിസ്തുമസ് വിരുന്നില്‍ സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പറഞ്ഞിരുന്നു. എന്നാല്‍ മണിപ്പുര്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിച്ചില്ലെന്ന് വിരുന്നില്‍ പങ്കെടുത്ത പുരോഹിതര്‍ പറഞ്ഞു.