എറണാകുളം:25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി
അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോൾ മുഴുവൻ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശി സമർപ്പിച്ച ഹർജി നേരെത്തെ സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നു.25 സെന്റ് സൗജന്യമായി തരം മാറ്റി ബാക്കി ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാവൂ എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരായ സർക്കാരിന്റെ അപ്പീലാണ് ചീഫ് ജസ്റ്റിസ് ആശിഷ്.ജെ.ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്. കോടികളുടെ നഷ്ടമാണ് പുതിയ ഉത്തരവിലൂടെ സർക്കാരിനുണ്ടാവുക.
ഇടുക്കി സ്വദേശി ആണ് സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. 36 സെന്റ് ഭൂമി തരം മാറ്റാൻ 1.74 ലക്ഷം രൂപ ഫീസ് ഈടാക്കിയിരുന്നു. 25 സെന്റ് വരെ ഫീസ് ഒഴിവാക്കാനുള്ള നിയമം നടപ്പാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ വൻകിട തരംമാറ്റലിനു നിയമം ബാധകമല്ലെന്നായിരുന്നു സർക്കാറിന്റെ വാദം.