Thursday, November 28, 2024
spot_img

മാധ്യമങ്ങളുടെ വികൃതവാക്കിൽ തകരുന്ന പാർടിയല്ല സിപിഐ എം: എം സ്വരാജ്

മാവേലിക്കര

ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടകൾ നടത്തിയത് കോൺഗ്രസാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. അതിനൊന്നും അന്തിച്ചർച്ചകളില്ല. കോൺഗ്രസ്-എൻഡിപി ഗുണ്ടാസംഘം കൊലപ്പെടുത്തിയ തെക്കേക്കരയിലെ ഡിവൈഎഫ്‌ഐ നേതാവ് വി അജിത്തിന്റെ 32––ാം രക്തസാക്ഷി വാർഷിക അനുസ്‌മരണയോഗം കുറത്തികാട് ജങ്ഷനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 

ജനവിരുദ്ധ, വർഗീയ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്രത്തിനെതിരെ അരയക്ഷരം പോലും മിണ്ടാത്ത ഏഷ്യാനെറ്റ് ഇനിമുതൽ മിണ്ടുംപോലും. സിപിഐ എം മാധ്യമസ്വാതന്ത്ര്യത്തിന് എതിരല്ല. ഏതെങ്കിലും മാധ്യമം വികൃതവാക്ക് ഉച്ചരിച്ചാൽ തകരുന്നതല്ല സിപിഐ എമ്മും ഇടതുസർക്കാരും. 

  വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്ന ഇടതുവിരുദ്ധർക്ക് കേരളരാഷ്‌ട്രീയത്തിൽ നിലനിൽപ്പില്ലാതെ വരുന്നു. എല്ലാ ഇടതുവിരുദ്ധരും ഒന്നിച്ചുനിന്ന് എതിർത്തിട്ടും തുടർഭരണം ലഭിച്ചത് ഏറ്റവും വലിയ തെളിവാണ്. വലതുപക്ഷ ജീർണതകൾ മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങളെ ജനം തള്ളി. സകല ഇടതുവിരുദ്ധരുടെയും മാനസികനില തെറ്റി. കോൺഗ്രസായാൽ എന്ത്‌ തോന്ന്യാസവും ആകാം എന്ന മാനസികാവസ്ഥയാണ് ചില മാധ്യമങ്ങൾക്ക്. അവർക്കതൊന്നും വാർത്തയല്ല –- സ്വരാജ് പറഞ്ഞു. 

  കെ രാജേന്ദ്രൻ അധ്യക്ഷനായി. അഡ്വ. ജി ഹരിശങ്കർ, കെ രാഘവൻ, എ മഹേന്ദ്രൻ, കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, ആർ രാജേഷ്, ജി അജയകുമാർ, എം എസ് അരുൺകുമാർ എംഎൽഎ, ഡോ. കെ മോഹൻകുമാർ, എസ് ആർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കൂടുതൽ ദേശാഭിമാനി വാർഷിക വരിക്കാരെ ചേർത്ത കറ്റാനം, ഭരണിക്കാവ് ലോക്കൽ കമ്മിറ്റികൾക്ക് സ്വരാജ് ഉപഹാരം കൈമാറി. സിബി വർഗീസ്, ബി വിശ്വനാഥൻ എന്നിവർ ഏറ്റുവാങ്ങി. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും വൈകിട്ട് റാലിയും നടന്നു. വി അജിത്തിന്റെ വീട് സ്വരാജ് സന്ദർശിച്ചു.

Hot Topics

Related Articles