മനാമ> ഗൾഫ്- പശ്ചിമേഷ്യൻ മേഖലയെ മൂടി കനത്ത പൊടിക്കാറ്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇറാഖ്, സിറിയ, കുവൈത്ത് എന്നിവടങ്ങളിൽ ജനജീവിതത്തെ പൊടിക്കാറ്റ് സാരമായി ബാധിച്ചു. സൗദിയിൽ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറിയയിലെ ദെയ്ർ അൽ സോർ പ്രവിശ്യയിൽ ഏഴുപേരും ഇറാഖിൽ ഓളും മരിച്ചു.
തിങ്കളാഴ്ചയാണ് പൊടിക്കാറ്റ് കുവൈത്തിൽ എത്തിയത്. 50 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിച്ച ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലം നിറച്ചതോടെ കാഴ്ച നന്നേ കുറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസ് തിങ്കളാഴ്ച താൽക്കാലികമായി നിർത്തിവച്ചു. കാഴ്ച മെച്ചപ്പെട്ടാൽ വ്യോമയാന സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊടിക്കാറ്റിനെ തുടർന്ന് കുവൈത്തിൽ ചൊവ്വാഴ്ചവരെ സ്‌കൂളുകൾക്ക് അവധി നൽകി. പൊടിക്കാറ്റ് മൂടിയതോടെ ആകാശം ഓറഞ്ച്-ചുവപ്പ് നിറമായി. പലയിടത്തും റോഡുകളിൽ മണൽ അടിഞ്ഞുകൂടിയതും കാഴ്ച കുറഞ്ഞതുംം ഗതാഗതത്തെയും ബാധിച്ചു. കുവൈത്തിലെ എല്ലാ തുറമുഖങ്ങളിലും പ്രവർത്തനം താൽക്കാലികമായി നിർത്തി.
ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിനെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെയും പൊടിക്കറ്റ് മൂടി. കാഴ്ച കുറഞ്ഞത് റോഡ് ഗതാഗതത്തെ മന്ദഗതിയിലാക്കി. യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നിവടങ്ങളിലും ചൊവ്വാഴ്ച രാവിലെ മുതൽ പൊടിക്കാറ്റ് അനുഭവപ്പെട്ടു. കനത്ത പൊടി നിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് യുഎഇ കാലാവസ്ഥാ ബ്യൂറോ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അബുദാബി, അൽഐൻ, ദുബായുടെ ചില ഭാഗങ്ങൾ, ഷാർജ എന്നിവിടങ്ങളിൽ ആണ് പൊടിപടലങ്ങളുമായി കാറ്റ് വീശിയടിക്കുന്നത്. പൊടിപടലങ്ങൾ കാഴ്ചയെ തടസ്സപ്പെടുത്തുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
ഇറാഖിനെ ശക്തമായ പൊടിക്കാറ്റ് വിഴുങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4,000 പേരെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മണൽ കൊടുങ്കാറ്റിനെ തുടർന്ന് സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ അടച്ചിട്ടു. ഇറാഖിൽ ഏപ്രിൽ പകുതിക്കശേഷം അനുഭവപ്പെടുന്ന എട്ടാമത്തെ മണൽക്കാറ്റാണിത്. ഇത് മണ്ണിന്റെ നശീകരണത്തിനും തീവ്രമായ വരൾച്ചക്കും കാരണമാകുന്നു. കുറഞ്ഞ മഴ, മരുഭൂകരണം, രാജ്യത്തുടനീളമുള്ള ഹരിതവലയം നഷ്ടപ്പെടൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളാണ് അടിക്കടിയുള്ള തീവ്രമായ മണൽക്കാറ്റുകൾക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ ബസ്രയിൽ, ചൊവ്വാഴ്ച രാവിലെ വരെ കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ച 1136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്കാറ്റ് െ്രെഡവർമാരുടെ കാഴ്ച കുറയ്ക്കുകയും വാഹനാപകടങ്ങളുടെ വർധനക്ക് കാരണമാകുകയും ചെയ്തു. ചൊവ്വാഴ്ച ഇറാനിൽ, മണൽക്കാറ്റു കാരണം പല പ്രവിശ്യകളിലും സർക്കാർ ഓഫീസുകളും സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിട്ടു.