Friday, November 1, 2024
spot_img

സംസ്ഥാനത്ത് ഇനി ലൈസൻസും ആര്‍സി ബുക്കും പ്രിന്റ് ചെയ്ത് നല്‍കില്ല;പുതിയ നടപടിയുമായി എംവിഡി

സംസ്ഥാനത്ത് വാഹന ലൈസൻസും ആർസി ബുക്കും പ്രിന്റ് ചെയ്ത് നല്‍കുന്നത് നിർത്തലാക്കാനുള്ള നീക്കവുമായി എംവിഡി.ഇവ രണ്ടും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തില്‍ ആർസി ബുക്കിന്റെയും പ്രിന്റിംഗ് നിർത്തലാക്കും.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിയെന്ന് ഗതാഗത കമ്മിഷണർ വ്യക്തമാക്കി. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ രണ്ടുമാസം കഴിഞ്ഞാണ് ലൈസൻസ് തപാല്‍ മാർഗം ലഭ്യമാവുക. മൂന്നുമാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുന്നത്. ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിട്ടുകള്‍ക്കകം തന്നെ ലൈസൻസ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാവും.

എം പരിവാഹൻ സൈറ്റിലെ സാരഥിയില്‍ നിന്ന് ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാം. ഡിജി ലോക്കറിലും ഇത്തരത്തില്‍ വാഹന രേഖകള്‍ സൂക്ഷിക്കാം. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് രേഖകള്‍ പരിശോധിക്കാം. രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതുമാണ്. ലൈസൻസും ആർസി ബുക്കും ഡിജിറ്റലാവുന്നതോടെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂർണമായും ഡിജിറ്റലാവുന്ന നാലാമത്തെ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് കേരളം.

പൊതുമേഖല സ്ഥാപനമായ ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിർത്തതോടെ ലൈസൻസ്, ആർസി ബുക്ക് അച്ചടി മുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തെ ഡ്രൈവിംഗ് ലൈസൻസിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആർസി ബുക്കിന് മൂന്നര ലക്ഷം രൂപയുമാണ് കുടിശിക നല്‍കാനുള്ളത്. ഇതും കണക്കിലെടുത്താണ് ഇനി ഡിജിറ്റല്‍ രേഖകള്‍ മതിയെന്ന് മോട്ടോർ വാഹനവകുപ്പ് തീരുമാനമെടുത്തത്.

Hot Topics

Related Articles