Friday, November 1, 2024
spot_img

എംപോക്സ് സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം,തൽക്കാലം ആശങ്കയില്ല,കനത്ത ജാഗ്രത തുടരാൻ നിർദ്ദേശം

എംപോക്സ് രാജ്യത്ത് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം.തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. രാജ്യത്ത് ഇന്നലെയാണ് എംപോക്സ് സ്ഥിരീകരിച്ചത്. ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതനിർദ്ദേശം നൽകിയിട്ടുണ്ട്.

ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തിൽ കഴിയുന്ന യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സിന്‍റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചത്. 2022ല്‍ ഇതേ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. അന്ന് മുപ്പത് പേര്‍ക്ക് രോഗബാധയുണ്ടാകുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. രോഗബാധിതന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ വലിയ വ്യാപനത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം കേന്ദ്രം നൽകി. വിദേശ യാത്ര കഴിഞ്ഞെത്തുന്നവരെ പരിശോധിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം വേണം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ചെക്ക്പോസ്റ്റുകളിലും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ രോഗിയെ നിരീക്ഷണത്തിലേക്ക് മാറ്റി സമ്പര്‍ക്ക പട്ടിക തയ്യാറാക്കണം. ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണം എന്നാണ് നിർദ്ദേശം. ആഗോള തലത്തില്‍ എംപോക്സ് ഭീഷണി നിലനില്‍ക്കുമ്പോള്‍ പൊതുജനങ്ങളിലവബോധം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടാകണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles