ബേക്കൽ:ടൂറിസം വകുപ്പിൻ്റെ കെവശമുള്ള ബേക്കൽ കോട്ടയ്ക്കുള്ളിലെ വിശ്രമ മന്ദിരവും 3.52 ഏക്കർ ഭൂമിയും കേന്ദ്ര പുരാവസ്ഥു വകുപ്പിന് കൈമാറണമെന്ന് കാണിച്ച് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലും തീരുമാനമായില്ല.
വിനോദസഞ്ചാരികളുടെ ആവശ്യം പരിഗണിച്ച് വിശ്രമ മന്ദിരത്തിൽ ബേക്കൽ കോട്ടയിൽ നടത്തിയ ഖനനത്തിൽ നിന്ന് ലഭിച്ച പുരാവസ്തുക്കളുടെ വ്യാഖ്യാന കേന്ദ്രവും പ്രദർശനവും സ്ഥാപിക്കാനും വിനോദസഞ്ചാരികൾക്ക് വേണ്ട ചില അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കാനുമാണ് കേന്ദ്ര പുരാവസ്ഥു വകുപ്പ് കെട്ടിടവും അനുബന്ധസ്ഥലവും വിട്ട് നൽകാൻ ആവശ്യപ്പെട്ടത്. കെട്ടിടത്തിന് 115 വർഷം പഴക്കമുണ്ട്.അറ്റകുറ്റപ്പണികളും സംരക്ഷണവും ഇല്ലാത്തതിനാൽ കെട്ടിടം ഇപ്പോൾ ജീർണാവസ്ഥയിലാണ്. മഴക്കാലം കഴിയുന്നതോടെ കൂടുതൽ തകരാനും സാദ്ധ്യതയുണ്ട്.ഇത് ഒരു പൈതൃക ഘടനയുടെ ശാശ്വതമായ നഷ്ടത്തിന് കാരണമായേക്കാം.
ഈ വിഷയം വളരെക്കാലമായി തീർപ്പുകൽപ്പിക്കാത്ത പ്രശ്നമായതിനാൽ, ഇക്കാര്യത്തിൽ നടപടിയാണ് അവർ കത്തിൽ വശ്യപ്പെട്ടിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1909 ൽ മലബാർ പ്രസിഡൻസിയിലെ ബേക്കൽ ഉൾപ്പെട്ടിരുന്ന സൗത്ത് കാനറ ജില്ലയുടെ കലക്ടറായിരുന്ന അസിസുദ്ദിൻ ഖാൻ ബഹദൂർ ആണ് ബേക്കൽ കോട്ടക്കകത്തെ ടൂറിസ്റ്റ് ബംഗ്ലാവ് ഉൽഘാടനം ചെയ്തത്.
കേന്ദ്ര പുരാവസ്ഥു വകുപ്പും സംസ്ഥാന റവന്യൂ അധിക്യതരും ചേർന്നു നടത്തിയ സർവേയിൽ 34.66 ഏക്കർ സ്‌ഥലമാണ് ഇവിടെ അതിർത്തി നിർ ണയിച്ചു കേന്ദ്ര പുരാവസ്ഥു വകുപ്പിന് നൽകിയത്. എന്നാൽ കേരള സർക്കാരിൽ നിന്ന് 31.14 ഏക്കർ മാത്രമാണ് എഎസ്ഐ യ്ക്ക് കൈമാറിയത് എന്നാണ് പുരാവസ്ഥുവകുപ്പിൻ്റെ വാദം.ബാക്കി സ്ഥലവും വിശമ മന്ദിരവും സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലാക്കുകയും പിന്നീട് ബേക്കൽ റിസോർട്ട്സ് ഡവലപ്മെൻ്റ് കോർപറേഷ(ബി.ആർ.ഡി.സി)ന് കൈമാറുകയും ചെയ്തു. ബി.ആർ.ഡി.സി ബേക്കൽ കോട്ടയിലെ വിശ്രമ മന്ദിരം 2008 ൽ നവീകരിച്ചുവെങ്കിലുംവാണിജ്യ ആവശ്യങ്ങൾ ക്ക് ഉപയോഗപ്പെടുത്തരുതെന്ന കേന്ദ്ര പുരാവസ്ഥു അധികൃതരുടെ നിർദേശമുള്ളതിനാൽ കെട്ടിടം തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. ഓടുവിൽ ഇതിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. അടഞ്ഞ് കിടന്നതിനെ തുടർന്ന് കെട്ടിടം പല ഭാഗങ്ങളും ഇടിഞ്ഞ് വീഴാൻ തുടങ്ങി.
സഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രാഥമികര്യം ഏർപ്പെടുത്തുന്നതിനുൾപ്പടെ റെസ്‌റ്റ് ഹൗസ് കെട്ടിടം നവീ കരിച്ച് ഉപയോഗപ്പെടുത്താൻബിആർ ഡി സി യും കത്ത് നൽകിയിട്ടുണ്ട്.
അതേ സമയം സഥലം കേന്ദ്ര പുരാവസ്ഥു വകുപ്പിന് വിട്ടു കിട്ടണമെന്ന് വിണ്ടും ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടത്. രണ്ട് ആവശ്യങ്ങളിലും തീരുമാനമാകാതെ കെട്ടിടം നിലം പതിക്കുന്ന അവസ്ഥയിലാണ്.തർക്കം തീർത്ത് തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ പൈതൃക കെട്ടിടം നാമാവശമാവാൻ ഇനി അധിക കാലം വേണ്ട.