Thursday, November 28, 2024
spot_img

സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു;എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എഉദ്ഘാടനം ചെയ്തു

സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ  ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാത്തവര്‍ക്കായി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായാണ് (ആഗസ്ത് 24,25) പരീക്ഷ നടത്തുന്നത്. ആദ്യ ദിനം ജില്ലയില്‍ ഒന്‍പത് സ്‌കൂളുകളിലായി 123 പേര്‍ പരീക്ഷ എഴുതി.  ശനിയാഴ്ച  മലയാളം/ കന്നട ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിലുള്ള പരീക്ഷ നടന്നു. ഞായറാഴ്ച സാമൂഹ്യപാഠം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പരിക്ഷകള്‍ നടക്കും.  അവധി ദിവസങ്ങളിലായി 

എട്ടുമാസത്തെ പരിശീലനത്തിന് ശേഷമാണ് പരീക്ഷ സംഘടിപ്പിച്ചത്.  സ്‌കൂളില്‍നിന്ന് നാലാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന നാലാം തരം തുല്യത  വിജയിച്ചവര്‍ക്ക് ഏഴാം തരം തുല്യതക്ക് ചേരാം. കാഞ്ഞങ്ങാട് നഗരസഭയിലെ 62 കാരിയായ ബേബി സിവിയാണ് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ്.  കാഞ്ഞങ്ങാട് നഗരസഭയിലെ തന്നെ 17കാരനായ മുഹമ്മദ് സിയനാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ 37കാരിയായ ഭിന്നശേഷി പഠിതാവ് നസീറയ്ക്ക് ചോദ്യപേപ്പര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. 

ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി.എന്‍ ബാബു അധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പാള്‍ ബിന്ദു ടീച്ചര്‍ പ്രധാന അധ്യാപിക ഉഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.  പ്രേരക്മാരായ സി.കെ പുഷ്പകുമാരി എ തങ്കമണി കെ സുജിത എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു. 

Hot Topics

Related Articles