Thursday, November 28, 2024
spot_img

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ്:മുറ്റം ഇന്റര്‍ലോക്ക് പാകും,മത്സ്യ വില്‍പന ഹാളില്‍ കൂടുതല്‍ സൗകര്യം ഒരുക്കും

കാസര്‍കോട്:നഗരസഭാ മത്സ്യ മാര്‍ക്കറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മലിനജലം, മാലിന്യം എന്നിവ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ സംസ്ക്കരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നഗരസഭാ ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ അധികൃതര്‍, മാര്‍ക്കറ്റിലെ ചെറുകിട – മൊത്ത കച്ചവടക്കാര്‍, മത്സ്യ ഏജന്റുമാര്‍, തൊഴിലാളികള്‍ സംബന്ധിച്ചു.  യോഗത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. 

മത്സ്യ മാര്‍ക്കറ്റിന്  മുമ്പിലുള്ള മതില്‍ പൊളിച്ചു മാറ്റി സൗകര്യം വര്‍ദ്ധിപ്പിക്കും. ശുചിമുറികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. മത്സ്യ വില്‍പന നടത്തുന്ന ഹാളിലെ നിലവിലെ സംവിധാനം മാറ്റി കൂടുതല്‍ സൗകര്യം ഒരുക്കും. മലിന ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി മത്സ്യ മാര്‍ക്കറ്റ് പരിസരം ഇന്റര്‍ലോക്ക് പാകി മനോഹരമാക്കുവാനും തീരുമാനിച്ചു.

നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, രജനി കെ, കൗണ്‍സിലര്‍ അജിത് കുമാരന്‍, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എച്ച്.എസ് ലതീഷ് കെ.സി, സിദ്ദീഖ് ചേരങ്കൈ, മാധവന്‍ കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി നന്ദി പറഞ്ഞു.

Hot Topics

Related Articles