Friday, November 1, 2024
spot_img

ലോക്സഭ തിരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുൻകൂർ അനുമതി നിർബന്ധം

കാസർകോട്:ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങൾക്ക് അനുമതി നിർബന്ധമായും വാങ്ങണമെന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ അറിയിച്ചു.

അംഗീകൃത ദേശീയ/സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യം ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പും മറ്റ് സംഘടനകളോ വ്യക്തികളോ ആണെങ്കില്‍ ഏഴു ദിവസം മുന്‍പുമാണ് അപേക്ഷ നല്‍കേണ്ടത്. ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയ്സ് മെസേജുകള്‍ക്കും പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും.

നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.

പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള (പെൻ ഡ്രൈവ് / സിഡി/ഡിവിഡി ) രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം/സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും.

അപേക്ഷാ ഫോര്‍മാറ്റ് വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ പിആർഡി ജില്ലാ ഇൻഫർമേഷൻഓഫീസിലെ എംസിഎംസി സെല്ലില്‍ ലഭിക്കും.

Hot Topics

Related Articles