ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുള്‍ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജ്ജിയില്‍ മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത് മുഖ്യമന്ത്രിക്കും ലോകായുക്തക്കും ഇരട്ട പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന ലോകായുക്തയുടെ വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്. കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
പരാതി ആദ്യം പരിഗണിച്ച മുന്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ഫുള്‍ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹര്‍ജ്ജി വീണ്ടും മൂന്നംഗ ബെഞ്ച് സാധുതയില്ലെന്ന് കണ്ടെത്തിയത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു. ഉപലോകയുക്തമാരെ പറ്റി വ്യക്തിപരമായ പരാമര്‍ശമുള്ളതിനാല്‍ വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ രണ്ട് ഉപലോകയുക്തമാരെയും എതിര്‍കക്ഷികളാക്കുവാന്‍ അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .