Friday, November 1, 2024
spot_img

‘ആചാരങ്ങൾ ശാസ്ത്രവിധി അനുസരിച്ചായിരിക്കണം’; അയോധ്യയിൽ രാമവി​ഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ

അയോധ്യയിലെ രാമക്ഷേത്രത്തിൽ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. മധ്യപ്രദേശിലെ രത്‌ലാമിൽ സനാതൻ ധർമ്മ സഭയുടെ ചടങ്ങിൽ പങ്കെടുക്കവെയാണ് പുരി ശങ്കരാചാര്യയുടെ പ്രഖ്യാപനം. “ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം മഠത്തിന് ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പരമാവധി ഒരാൾക്കൊപ്പം പങ്കെടുക്കാം എന്നായിരുന്നു ക്ഷണം. പക്ഷേ 100 പേരുമായി അയോധ്യയിൽ പോകാൻ ക്ഷണിച്ചാലും താൻ പോകില്ല. പുരി ശങ്കരാചാര്യ പറഞ്ഞു.

പണ്ടുമുതൽക്കേ അയോധ്യ സന്ദർശിക്കുന്ന ആളാണ് താൻ. ഭാവിയിലും ദർശനത്തിനായി പോകും. എന്നാൽ രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നത് ശാസ്ത്രവിധി അനുസരിച്ചായിരിക്കണം.എന്നാൽ ഇനി നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തങ്ങളിൽ നിന്ന് ഒരു ഉപദേശമോ മാർഗനിർദേശമോ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘താനിതിലൊട്ടും അസ്വസ്ഥനല്ല. മറ്റേതൊരു സനാതന ഹിന്ദുവിനെപ്പോലെയും സന്തോഷവാനാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം മതേതരനായി ചിത്രീകരിക്കുന്നതിൽ വിശ്വസിക്കാത്ത ആളാണ്. ഹിന്ദുത്വത്തിലും വിഗ്രഹാരാധന എന്ന ആശയത്തിലും അഭിമാനിക്കുന്നയാളാണ് അദ്ദേഹം. എന്നാൽ ശങ്കരാചാര്യൻ എന്ന നിലയിൽ ഞാൻ അവിടെ പോയിട്ട് എന്തുചെയ്യാനാണ്? പ്രധാനമന്ത്രി വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ ഞാനദ്ദേഹത്തെ കൈയടിച്ച് അഭിനന്ദിക്കുകയാണോ ചെയ്യേണ്ടത്?’ നിശ്ചലാനന്ദ സരസ്വതി ചോദിച്ചു.അതേസമയം വികസനത്തിന്റെ പേരിൽ തീർത്ഥാടന കേന്ദ്രങ്ങൾ ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും പുരി ശങ്കരാചാര്യ വിമർശിച്ചു.

Hot Topics

Related Articles