ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെയാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്.പണം വച്ചുള്ള ചൂതാട്ടങ്ങളില്‍ ജിഎസ്ടി നിര്‍ണയിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജിഎസ്ടി ഓര്‍ഡിനന്‍സ്. 50-ാമത് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി 28 ശതമാനം നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സായിരുന്നു ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയച്ചിരുന്നത്.ഒരാഴ്ച മുന്‍പായിരുന്നു ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ബില്ലുകളില്‍ ഒപ്പിടുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് നാളുകള്‍ക്ക് ശേഷമാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍- ഗവര്‍ണര്‍ അഭിപ്രായ ഭിന്നത പ്രകടവുമായിരുന്നു.