Thursday, November 28, 2024
spot_img

‘ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുത്’; മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ദില്ലി: മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാൽപര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. ഇതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് ജനുവരി 19നകം സമർപ്പിക്കാൻ ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയോട് കോടതി നിർദേശിച്ചു. സിവിൽ കേസുകൾ പരിഗണിക്കുന്ന വാരണാസിയിലെ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. ഇതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സര്‍വേയുടെ റിപ്പോർട്ട് നാലാഴ്ചയെങ്കിലും പരസ്യമാക്കരുതെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആവശ്യത്തിൽ ഇന്ന് വാരാണസി ജില്ലാ കോടതി ഉത്തരവ് ഇറക്കും. 

അതേസമയം, ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷണർമാരെ നിയമിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ അഭിഭാഷകസംഘം നടത്തിയ സർവേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുക. ശ്രീകൃഷ്ണ ജൻമഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗമാണ് കോടതിയെ സമീപിച്ചത്. 

Hot Topics

Related Articles