Thursday, November 28, 2024
spot_img

‘നല്ല രുചിയുണ്ട്, അവിയൽ, അച്ചാർ, തോരൻ, തീയൽ’; പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാർ; അസാധ്യമെന്ന് ഷെഫ് പിള്ള

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു. കലോത്സവ ഊട്ടുപുരയിൽ പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും. കുട്ടികളുടെ അതെ പന്തലിലാണ് മന്ത്രിമാരായ കെ എൻ ബാലഗോപാലും വി ശിവൻകുട്ടിയും ഭക്ഷണം കഴിച്ചത്. നല്ല ഭക്ഷണം.

നല്ല രൂചിയുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ സദ്യ ഇക്കൊല്ലം മെച്ചപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസവും പായസമുണ്ട്. ഓണത്തിന് സമാനമായ സദ്യയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അധികം ക്യു ഇല്ല.ഭക്ഷണക്കമ്മിറ്റി നന്നായി ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്തെ പഴയിടം രുചിയാണ് തോന്നിയത്. ഓണത്തിനുള്ള എല്ലാ കറികളും ഉണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

പഴയിടത്തിന്റെ ഗംഭീര സദ്യയെന്ന് ഷെഫ് പിള്ള പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്കായി ഒരുമിച്ചുണ്ടാക്കുന്ന സദ്യയാണ് കഴിക്കുന്നത്. അത് പ്രത്യേക അനുഭവമാണ്. സാമ്പാർ കലവറയിൽ ഫാക്ടറി പോലെയാണ് ഉണ്ടാക്കുന്നത്. വെജ് സദ്യ കഴിക്കുന്നത് വളരെ വ്യത്യസ്‍ത അനുഭവമാണെന്നും ഷെഫ് പിള്ള പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണമെന്ന് കലോത്സവ വേദിയിൽ മുഖ്യമന്ത്രി. അതിനെതിരായ പ്രചാരണം കൂടിയാക്കണം കലയെന്നും, കലോത്സവങ്ങളിൽ മികച്ചു നിന്ന കുട്ടികൾ പിന്നീട് ഈ രംഗത്ത് ഉണ്ടോ എന്ന് നോക്കണമെന്നും കലോത്സവത്തിന്റെ ഉദഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.

‘കലോത്സവത്തിൽ പങ്കെടുക്കുക എന്നതാണ് വലുത്. ഇത് കുട്ടികളുടെ മത്സരമാണ്. അല്ലാതെ രക്ഷിതാക്കൾ തമ്മിലുള്ള മത്സരം അല്ല. കുട്ടികളുടെ മനസ്സിൽ കലുഷിത ബുദ്ധിയുടെ ചിന്തകൾ വരുത്തരുത്. കുഞ്ഞുങ്ങൾ ഭൂമിയിലെ മനോഹരമായ പുഷ്പങ്ങൾ ആണ്. അത് കൊഴിഞ്ഞു പോകാതെ നോക്കണം. കല പോയിന്റ് നേടാനുള്ള ഉപാധി മാത്രമല്ല, അങ്ങനെ കരുതരുത്’, മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം മുതൽ കലോത്സവ മാന്വൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ കൂടുതൽ കലാരൂപങ്ങളും കലോത്സവത്തിൽ ഉൾപ്പെടുത്തും. നവകേരളം എന്ന ആശയമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles