62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ കൊല്ലം മത്സരച്ചൂടിലേക്ക് കടക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ എന്നിവരും പങ്കെടുത്തു.നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും.