Wednesday, August 27, 2025
spot_img

അദാനിയ്ക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണമില്ല

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷിച്ച വിദഗ്ധ സമിതിയെ അനുകൂലിച്ച് സുപ്രിംകോടതി. സമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ കോടതി തള്ളി. വിഷയത്തില്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷിക്കുന്നത്. സെബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ വസ്തുതാപരമായി സ്ഥിരീകരിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സെബിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക അന്വേഷണമെന്ന ആവശ്യം തള്ളിയത്. നിക്ഷേപകരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്ത് വേണം തീരുമാനമെടുക്കാനെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇത്തരമൊരു വിഷയത്തില്‍ ഭരണകൂടത്തിന്റെ റെഗുലേറ്ററി സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ കോടതിയ്ക്കാകില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നാല് ഹര്‍ജികളില്‍ വിധി പ്രസ്താവിച്ചത്. അഭിഭാഷകരായ വിശാല്‍ തിവാരി, എംഎല്‍ ശര്‍മ, കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, അനാമിക ജയ്സ്വാള്‍ എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

Hot Topics

Related Articles