ഇന്ത്യയിൽ ക്രിക്കറ്റ് എന്നാൽ ഒരു വികാരമാണ്. ക്രിക്കറ്റിനേയും ക്രിക്കറ്റ് താരങ്ങളെയും വളരെയധികം ഇഷ്ടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ വിവിധ ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളാണ് ടൂർണമെന്റുകൾ ഉദ്ഘാടനം ചെയ്യുക.
ക്രിക്കറ്റ് താരങ്ങളോ, സിനിമാ താരങ്ങളോ രാഷ്ട്രീയ നേതാക്കളോ ഒക്കെയാവും വിശിഷ്ടാതിഥികൾ. നാട്ടിൽ സംഘടിപ്പിക്കുന്ന ചെറിയ ടൂർണമെന്റുകൾ സാധാരണയായി പ്രാദേശിക എംഎൽഎമാർ ഉദ്ഘാടനം ചെയുന്നത് പതിവാണ്. ഉദ്ഘാടനത്തിന് ശേഷം ക്രിക്കറ്റ് കഴിവുകൾ പൊടിതട്ടിയെടുക്കുന്ന രാഷ്ട്രീയ നേതാക്കളെ നാം കണ്ടിട്ടുണ്ട്. ഇത്തരമൊരു ഉദ്ഘാടനവും എംഎൽഎയുടെ പ്രകടനവുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം.
ഒഡീഷയിൽ നിന്നുള്ള ബിജെഡി എംഎൽഎ ഭൂപേന്ദ്ര സിങ്ങിന്റെ ക്രിക്കറ്റ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. കലഹണ്ടിയിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. പരിപാടി കഴിഞ്ഞ് അദ്ദേഹത്തെ ബാറ്റ് ചെയ്യാൻ സംഘടകർ ക്ഷണിച്ചു. മറ്റു അതിഥികളും മത്സരത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളുമെല്ലാം കൂടിനിൽക്കെ എം.എൽ.എ ബാറ്റെടുത്ത് ക്രീസിലിറങ്ങി. ചുറ്റുമുള്ളവർ കൈയടിച്ചു പിന്തുണച്ചു.
ആദ്യ പന്ത് എംഎൽഎയ്ക്ക് നേരെ. സിക്സർ അടിക്കണമെന്ന് നിശ്ചയിച്ച് അദ്ദേഹം ബാറ്റ് വീശി. എന്നാൽ വലിയ ശബ്ദത്തോടെ എംഎൽഎ തലയിടിച്ച് നിലത്തേക്ക് വീണു. ഇതോടെ നാട്ടുകാർ താങ്ങിയെടുത്ത് വാഹനത്തിൽ ആശുപത്രിയിലേക്ക് തിരിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.