തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലും പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കെ.ബി ഗണേഷ് കുമാറിന്‍റെയും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം നോക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് രാജ്ഭവനില്‍ ഇന്ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്ന് കരുതിയിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായില്ലെന്ന് മാത്രമല്ല അസാധാരണ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്.ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്‍റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരും നല്‍കിയത്. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു.