Thursday, November 28, 2024
spot_img

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും; നിലപാട് ആവർത്തിച്ച് രാഹുൽ ​ഗാന്ധി

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന നിലപാട് വീണ്ടും പ്രഖ്യാപിച്ച് രാഹുൽ ​ഗാന്ധി. നാഗ്‌പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുള്ളതാണ് മഹാറാലി. ബിജെപി എല്ലാം മേഖലകളിലും കൈ കടത്തുകയാണ്. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങൾ. പ്രത്യശാസ്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി സാധാരണക്കാരെ കേൾക്കാൻ തയ്യാറാകുന്നില്ല. പല പാർട്ടികൾ ഉണ്ടെങ്കിലും പോരാട്ടം രണ്ട് ആശയധാരകൾ തമ്മിലാണ്. ബിജെപിയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിൽ ഏതൊരാൾക്കും നേതൃത്വത്തെ ചോദ്യം ചെയ്യാനും, വിയോജിക്കാനും കഴിയും. രാജ്യം കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലാണ്. യുവാക്കൾ സമൂഹമാധ്യമങ്ങളിൽ സമയം ചെലവിടുകയാണ്. എല്ലാ വിഭാഗങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത അടിസ്ഥാനമാക്കിയല്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

രാജ്യത്ത് ജനങ്ങളുടെ ശബ്ദമാവാൻ മാധ്യമങ്ങൾക്കാവുന്നില്ല. ബിജെപി മാധ്യമങ്ങളെയും വരുതിക്ക് നിർത്തിയിരിക്കുകയാണ്. നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്ന, ബ്രിട്ടീഷ് ഭരണം നിലനിന്ന സ്ഥാനത്ത് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ കൈയ്യിലേക്ക് അധികാരം നൽകുകയാണ് കോൺഗ്രസ് ചെയ്തത്. അന്ന് അതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്. ആരെയും കേൾക്കാത്ത പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രം രാജഭരണത്തിന്റേതാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.

Hot Topics

Related Articles