പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരിൽ ചേർന്നു. ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം തൃശൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ബിജെപിയുടെ കേരളത്തിലെ ഐടി സെല്ലിന്റെ പ്രവർത്തനം മോശം എന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ച ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ എം.പി പങ്കെടുത്ത സംസ്ഥാന ഐ.ടി സെൽ ഭാരവാഹികളുടെ യോഗവും ചേരും.
ജനുവരി മൂന്നിന് ആണ് പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടി. മഹിളാ സംഗമം എന്ന് പേരിട്ട പരിപാടി ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് വിപുലമായാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശൂർ. 2019ലെ ലോക്സഭയിലേക്കും 2021ലെ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടും തൃശൂരിൽ സജീവമാണ് സുരേഷ്‌ഗോപി. ശക്തമായ ത്രികൊണ മത്സരത്തിലൂടെ ഇത്തവണ സീറ്റിൽ വിജയിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽഓരോ മണ്ഡലങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും മാർപാപ്പയെ ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ട് വരുമെന്ന പ്രഖ്യാപനവും ഉണ്ടാക്കിയ മാറ്റങ്ങളും കേരളത്തിൽ ഇടതുമുന്നണി സംഘടിപ്പിച്ച നവകേരള സദസ്സും പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷത്തിന് കിട്ടിയ മേൽക്കൈ തുടങ്ങി പുതിയ ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യടക്കമുള്ളവ യോഗത്തിൽ ചർച്ചക്കുണ്ട്.ഐ.ടി സെൽ യോഗത്തിൽ പ്രചാരണരംഗത്തെ സജീവമല്ലായ്മയും ചർച്ചയാവും. സമൂഹ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏറെ പിന്നിലാണ് കേരളമെന്ന് നേരത്തെ ദേശീയ നേതൃത്വം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഐടി സെൽ പുനഃസംഘടിപ്പിച്ചിരുന്നു. അതിനുശേഷം ചേരുന്ന ആദ്യ യോഗം കൂടിയാണ് ഇന്ന്.