സലാര്‍ 2023ലെ വമ്പൻ റിലീസായിരുന്നുവെന്നതില്‍ സിനിമാ ലോകത്തിന് സംശയമുണ്ടാകില്ല. പ്രതീക്ഷകളെല്ലാം ശരിവെച്ച് പ്രഭാസ് ചിത്രം തുടക്കം മികച്ചതാക്കിയിരിക്കുകയാണ്. ഓപ്പണിംഗില്‍ സലാര്‍ പുത്തൻ റെക്കോര്‍ഡിട്ടിരിക്കുകയാണ്. റിലീസിന് ആഗോളതലത്തില്‍ സലാര്‍ 175 കോടി രൂപയോളം നേടിയിട്ടുണ്ട് എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡ് സലാറിന്റെ പേരിലായിരിക്കുകയാണ് എന്ന് ലഭ്യമായ ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം അവകാശപ്പെടാം. വിജയ് നായകനായ ലിയോ 148.5 കോടി രൂപയുമായി നേടിയ ഒന്നാം സ്ഥാനമാണ് സലാറിന്റ പേരില്‍ ആയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9കോടി രൂപയുമായി ഓപ്പണിംഗ് കളക്ഷനില്‍ നാലാം സ്ഥാനത്തുമാണ് ഉള്ളത്.
സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ പ്രഭാസ് നായകനായപ്പോള്‍ ഇന്ത്യൻ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകരുന്ന കാഴ്‍ചയാണ് കാണുന്നത്. പ്രഭാസ് നിറഞ്ഞാടുകയാണ് സലാറില്‍ എന്നാണ് ചിത്രം കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ദേവ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് എത്തിയിരിക്കുന്നത്. ദേവയുടെ അടുത്ത സുഹൃത്തായ നിര്‍ണായക കഥാപാത്രം വര്‍ദ്ധരാജ് മാന്നാറായി മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
വമ്പൻ ക്യാൻവാസിലാണ് സലാര്‍ ഒരുക്കിയിരിക്കുന്നത്. യാഷിന്റെ കെജിഎഫ് വൻ ഹിറ്റായതിന് ശേഷം പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി സലാറുമായി എത്തുമ്പോള്‍ ലഭിച്ച ഹൈപ്പ് ബോക്സ് ഓഫീസിലും ആദ്യ ദിവസം പ്രതിഫലിച്ചിരിക്കുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ബാഹുബലിയിലൂടെ പ്രിയങ്കരനായ പ്രഭാസിന് വൻ തിരിച്ചുവരവിന് അവസരം ഒരുക്കിയിരിക്കുന്നു സലാര്‍. മാസ് അപ്പീലിലാണ് സലാര്‍ എന്ന ചിത്രത്തില്‍ പ്രഭാസുള്ളത്.