Thursday, November 28, 2024
spot_img

‘ട്വീറ്റ് പിൻവലിക്കണം, അല്ലാത്തപക്ഷം കേസെടുക്കും’; രാഹുലിനോട് ഡൽഹി ഹൈക്കോടതി

ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിന് രാഹുൽ ഗാന്ധിക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. 9 വയസുകാരിയുടെ വിവരങ്ങളടങ്ങിയ ‘എക്സ്’ പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും രാജ്യത്തിന് പുറത്ത് ആക്സസ് ചെയ്യാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2021 ഓഗസ്റ്റ് 1 ന്, ഡൽഹിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച 9 വയസുകാരി മാതാപിതാക്കളോടൊപ്പം നിൽക്കുന്ന ചിത്രം രാഹുൽ തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ അന്ന് ആരോപിച്ചിരുന്നത്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഓൾഡ് നംഗൽ ഗ്രാമത്തിലെ ഒരു ശ്മശാനത്തിലെ പൂജാരിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പിന്നീട് കണ്ടെത്തി.

ബലാത്സംഗ-കൊലപാതകമെന്ന് കണ്ടെത്തിയിട്ടും രാഹുൽ തന്റെ പോസ്റ്റ് പിൻവലിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കുറച്ചുകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. എന്നാൽ പിന്നീട് ഇത് വീണ്ടും പുനഃസ്ഥാപിച്ചു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ വെളിപ്പെടുത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ട്വിറ്ററിനും, സിറ്റി പൊലീസിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് 2021-ൽ ഒരു സാമൂഹിക പ്രവർത്തകനാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയത്.

എക്സ് പോസ്റ്റ് നീക്കം ചെയ്തിരിക്കാമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ്ണ എന്നിവരുടെ ബെഞ്ച് രാഹുലിനോട് ആവശ്യപ്പെട്ടു. ഇരയുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. വാദത്തിനിടെ രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വിഷയം സങ്കീർണ്ണമാണെന്നും ഡൽഹി പൊലീസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നാലാഴ്ചയ്ക്കകം അന്വേഷണവുമായി ബന്ധപ്പെട്ട് ‘മുദ്ര വച്ച തൽസ്ഥിതി റിപ്പോർട്ട്’ സമർപ്പിക്കാൻ ഡൽഹി പൊലീസ് അഭിഭാഷകനോട് കോടതി നിർദേശിച്ചു. കേസ് 2024 ജനുവരി 24 ന് വീണ്ടും പരിഗണിക്കും.

Hot Topics

Related Articles