Thursday, November 28, 2024
spot_img

ദളിതനായതുകൊണ്ടാണ് പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാത്തതെന്ന് പറയണോ?; എല്ലാ വിഷയത്തിലും ജാതി വലിച്ചിടരുതെന്ന് ഖാർഗെ

എല്ലാ വിഷയത്തിലും ജാതി വലിച്ചിടരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തൃണമൂൽ കോൺഗ്രസ് എംപി തന്നെ അനുകരിച്ച് മിമിക്രി കാണിച്ചത് താൻ ജാട്ട് സമുദായത്തിൽ നിന്നുള്ള ആളായതുകൊണ്ടാണെന്ന രാജ്യസഭാ സ്പീക്കറുടെയും ബിജെപിയുടെയും വിമർശനത്തിനായിരുന്നു ഖാർഗെയുടെ പ്രതികരണം.

രാജ്യസഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തതിന് കാരണം താൻ ദളിതനായതുകൊണ്ടാണെന്ന് പറയണോ എന്നും ഖാർഗെ ചോദിച്ചു. പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെ ടിഎംസിയുടെ കല്യാൺ ബാനർജിയാണ് ഖാർഗെയെ അനുകരിച്ച് മിമിക്രി കാണിച്ചത്. എന്നാൽ എല്ലാ വിഷയങ്ങളിലേക്കും ജാതി വലിച്ചിടരുതെന്ന് സ്പീക്കറെ പരാമർശിച്ച് പറഞ്ഞ ഖാർഗെ, രാജ്യസഭാ അധ്യക്ഷൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് പകരം സഭയിലെ അംഗങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഓർമിപ്പിച്ചു.

രാജ്യസഭയിൽ എപ്പോഴും തനിക്ക് സംസാരിക്കാൻ അനുവാദം കിട്ടാറില്ല. അതിന് കാരണം താൻ ദളിതനായതുകൊണ്ടാണെന്ന് പറയണോ? ഉള്ളിൽ വച്ച് സംസാരിച്ച് ജാതിയുടെ പേരിൽ പുറത്തുള്ളവരെ ഇളക്കിവിടരുതെന്നും ഖാർഗെ പ്രതികരിച്ചു.ഇത്തരമൊരു വിഷയം ഏറ്റെടുത്ത് പാർലമെന്റ് സുരക്ഷാവീഴ്ച എന്ന വിഷയത്തിൽ നിന്ന് വ്യതിചലിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഭരണഘടനാ പദവികൾ വഹിക്കുന്നവർ തങ്ങളുടെ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന് സങ്കടകരമായ കാര്യമാണെന്നും കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എല്ലാവരും ഇപ്പോൾ ജാതി പ്രഖ്യാപിക്കുന്ന ലേബൽ ധരിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Hot Topics

Related Articles