Friday, November 1, 2024
spot_img

കൊവിഡ് വ്യാപനം: ‘മുൻകരുതൽ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല’; കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ദില്ലി: കൊവിഡ് വ്യാപനത്തിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്ന് അദ്ദേഹം കർശന നിർദേശം നൽകുന്നു. കൂടാതെ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി. ആരോ​ഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും കേന്ദ്രം എല്ലാ പിന്തുണയും നൽകാൻ തയാറാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. 3 മാസത്തിലൊരിക്കൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തണമെന്നും മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചു. കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ നിർദേശം. 

അതേ സമയം, കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമെന്നുമാണ് കേരളം അറിയിക്കുക.

ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദ്ദേശമുണ്ട് രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Hot Topics

Related Articles